ഇറാനും ഹിസ്ബുള്ളയ്ക്കും വേണ്ടി ചാരപ്രവർത്തനം: പ്രതിക്ക് ബഹ്റൈനിൽ ജീവപര്യന്തം തടവ്


പ്രദീപ് പുറവങ്കര

മനാമ: ബഹ്റൈനെതിരെ അട്ടിമറി പ്രവർത്തനങ്ങൾ നടത്തുന്നതിനായി ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സുമായും (IRGC) ലെബനനിലെ ഹിസ്ബുള്ളയുമായും ചേർന്ന് ചാരപ്രവർത്തനം നടത്തിയ പ്രതിക്ക് ബഹ്റൈൻ ഹൈ ക്രിമിനൽ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ രഹസ്യവിവരങ്ങൾ വിദേശ സംഘടനകൾക്ക് ചോർത്തി നൽകിയതിനാണ് ശിക്ഷ. പ്രതിയിൽ നിന്ന് പിടിച്ചെടുത്ത വിനാശകരമായ വസ്തുക്കൾ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.

ബഹ്റൈനിൽ താമസിക്കുന്നതിനിടെയാണ് പ്രതിയെ ഹിസ്ബുള്ള ചാരപ്രവർത്തനത്തിനായി റിക്രൂട്ട് ചെയ്തതെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് ഡയറക്ടറേറ്റ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ബഹ്റൈൻ അതിർത്തി ലക്ഷ്യമിട്ടുണ്ടായ ഇറാൻ ആക്രമണങ്ങളുടെ ദൃശ്യങ്ങളും ചിത്രങ്ങളും മറ്റ് നിർണായക വിവരങ്ങളും ശേഖരിച്ച് ഇറാന്റെയും ഐ.ആർ.ജി.സിയുടെയും നിയന്ത്രണത്തിലുള്ള ഇലക്ട്രോണിക് അക്കൗണ്ടുകളിലേക്ക് അയക്കുകയായിരുന്നു ഇയാളുടെ ചുമതല. രാജ്യത്തിന്റെ സുരക്ഷയ്ക്കും ജനങ്ങളുടെ ജീവനും ഭീഷണിയാകുന്ന രീതിയിലാണ് ഈ വിവരങ്ങൾ കൈമാറിയതെന്ന് പ്രൊസിക്യൂഷൻ വ്യക്തമാക്കി.

ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇയാളിൽ നിന്ന് പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്ന് ചാരപ്രവർത്തനത്തിന്റെ തെളിവുകൾ ഫോറൻസിക് പരിശോധനയിൽ കണ്ടെത്തുകയും ചെയ്തു. പ്രതിക്ക് നിയമപരമായ പ്രതിരോധത്തിനുള്ള എല്ലാ സൗകര്യങ്ങളും ഉറപ്പാക്കിയ ശേഷമാണ് കോടതി അന്തിമ വിധി പ്രസ്താവിച്ചത്.

article-image

sdfsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed