ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി: ആഗോള സുരക്ഷയ്ക്ക് ഭീഷണിയെന്ന് ബഹ്‌റൈൻ


പ്രദീപ് പുറവങ്കര

മനാമ: ഹോർമുസ് കടലിടുക്കിലെ വഷളായ സാഹചര്യങ്ങളും അത് ആഗോള വ്യാപാരത്തിലും സമുദ്ര സുരക്ഷയിലുമുണ്ടാക്കുന്ന ആഘാതങ്ങളും ചർച്ച ചെയ്ത് വിവിധ രാജ്യങ്ങളുടെ സംയുക്ത യോഗം. MED9 രാജ്യങ്ങൾ, അറബ് ലീഗ്, വെസ്റ്റേൺ ബാൽക്കൻ രാജ്യങ്ങൾ എന്നിവർ പങ്കെടുത്ത വെർച്വൽ മിനിസ്റ്റീരിയൽ മീറ്റിംഗിലാണ് ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി ആശങ്ക അറിയിച്ചത്.

ഹോർമുസ് കടലിടുക്കിലെ നാവിക ഗതാഗതം തടസ്സപ്പെടുത്തുന്നത് ഗൾഫ് മേഖലയെ മാത്രമല്ല, ആഗോള സ്ഥിരതയെ തന്നെ സാരമായി ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. പ്രതിസന്ധി തുടങ്ങിയ ശേഷം ഇതുവരെ 10 കപ്പൽ ജീവനക്കാർ മരിക്കുകയും 23,000-ത്തോളം നാവികർ ദുരിതത്തിലാവുകയും ചെയ്തു. ഏകദേശം 87 രാജ്യങ്ങളിൽ നിന്നുള്ള 1,600 ഓളം കപ്പലുകൾ ഗൾഫ് മേഖലയിൽ കുടുങ്ങിക്കിടക്കുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഇറാൻ ഉപരോധം ആരംഭിച്ചതിന് ശേഷം കപ്പലുകൾക്ക് നേരെ 32-ലധികം ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഫ്രാൻസ്, ഗ്രീസ്, ഇറ്റലി, സൈപ്രസ്, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളുമായി ബന്ധപ്പെട്ട ഡസൻ കണക്കിന് കപ്പലുകൾ ഇപ്പോഴും അപകട ഭീഷണിയിലാണ്. ഏകദേശം 190 ക്രൊയേഷ്യൻ പൗരന്മാരും ഇവിടെ കുടുങ്ങിക്കിടക്കുന്നുണ്ട്. ഊർജ്ജ വിതരണത്തെയും അന്താരാഷ്ട്ര വ്യാപാര പാതകളെയും ഈ സാഹചര്യം പ്രതികൂലമായി ബാധിക്കുന്നു.

ഈ സാഹചര്യത്തിൽ, ഇറാനോട് ആക്രമണങ്ങൾ അവസാനിപ്പിക്കാനും നാവിക മൈനുകൾ നീക്കം ചെയ്യാനും ആവശ്യപ്പെട്ടുകൊണ്ട് അമേരിക്കയും ബഹ്‌റൈനും ചേർന്ന് തയ്യാറാക്കിയ കരട് പ്രമേയം യുഎൻ രക്ഷാസമിതിയിൽ അവതരിപ്പിക്കും. ജിസിസി രാജ്യങ്ങളുടെ പിന്തുണയുള്ള ഈ പ്രമേയം, വാണിജ്യ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കണമെന്നും അനാവശ്യ ട്രാൻസിറ്റ് ഫീസുകൾ ഒഴിവാക്കണമെന്നും ആവശ്യപ്പെടുന്നു. സ്ഥിതിഗതികൾ തുടർന്നാൽ കൂടുതൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന മുന്നറിയിപ്പും പ്രമേയത്തിലുണ്ട്.

article-image

asdad

You might also like

  • Lulu Exchange
  • Straight Forward

Most Viewed