ബഹ്‌റൈൻ-ജോർദാൻ ബന്ധം സുശക്തം: ജോർദാൻ കിരീടാവകാശിക്ക് മനാമയിൽ ഉജ്ജ്വല സ്വീകരണം
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈനും ജോർദാനും തമ്മിലുള്ള ഉറ്റ സൗഹൃദവും ചരിത്രപരമായ ബന്ധവും കൂടുതൽ ഊട്ടിയുറപ്പിച്ചുകൊണ്ട്, ജോർദാൻ കിരീടാവകാശി ഹിസ് റോയൽ ഹൈനസ് പ്രിൻസ് അൽ ഹുസൈൻ ബിൻ അബ്ദുള്ള രണ്ടാമൻ ബഹ്‌റൈനിൽ ഔദ്യോഗിക സന്ദർശനം നടത്തി. അൽ സഫ്രിയ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫ അദ്ദേഹത്തെ സ്വീകരിച്ചു. ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, രാജകുടുംബാംഗങ്ങൾ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ബഹ്‌റൈനിലെ ഭരണനേതൃത്വത്തിനും ജനങ്ങൾക്കും ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമന്റെ ആശംസകൾ കിരീടാവകാശി കൈമാറി. ബഹ്‌റൈന്റെ പുരോഗതിക്കും ഐശ്വര്യത്തിനും അദ്ദേഹം ആശംസകൾ നേരുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധത്തിന്റെ കരുത്ത് കൂടിക്കാഴ്ചയിൽ ചർച്ചയായി. വിവിധ പ്രതിസന്ധി ഘട്ടങ്ങളിൽ ബഹ്‌റൈന് ജോർദാൻ നൽകുന്ന പിന്തുണയ്ക്കും ഐക്യദാർഢ്യത്തിനും രാജാവ് നന്ദി അറിയിച്ചു.
തുടർന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുമായി നടത്തിയ പ്രത്യേക ചർച്ചയിൽ പ്രാദേശികവും അന്തർദ്ദേശീയവുമായ സുരക്ഷാ വിഷയങ്ങൾ ഗൗരവകരമായി വിശകലനം ചെയ്തു. മേഖലയിലെ നിലവിലെ സംഭവവികാസങ്ങൾ, അവ സുരക്ഷാ രംഗത്തുണ്ടാക്കുന്ന സ്വാധീനം, പൊതുവായ താൽപ്പര്യമുള്ള മറ്റ് വിഷയങ്ങൾ എന്നിവ ചർച്ചയുടെ ഭാഗമായി. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം എല്ലാ മേഖലകളിലും വ്യാപിപ്പിക്കാൻ കൂടിക്കാഴ്ചയിൽ ധാരണയായി.
edfsf



