ബഹ്‌റൈൻ ചേംബർ ചെയർമാനായി നബീൽ ഖാലിദ് കാനു ചുമതലയേറ്റു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ 31-ാമത് ഭരണസമിതിയുടെ ചെയർമാനായി നബീൽ ഖാലിദ് കാനുവിനെ തിരഞ്ഞെടുത്തു. ചേംബറിന്റെ പ്രവർത്തനങ്ങളെ പുതിയ ഉയരങ്ങളിലെത്തിക്കാനും സ്വകാര്യ മേഖലയുടെ പ്രതീക്ഷകൾക്കനുസരിച്ച് നയിക്കാനുമുള്ള അദ്ദേഹത്തിന്റെ കഴിവിൽ ഭരണസമിതി പൂർണ്ണ വിശ്വാസം രേഖപ്പെടുത്തി.
യോഗത്തിൽ യൂസഫ് സലാഹുദ്ദീനെ ഒന്നാം വൈസ് ചെയർമാനായും നവാഫ് അൽ സയാനിയെ രണ്ടാം വൈസ് ചെയർമാനായും തിരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ബോബ് താക്കർ, ഹസൻ കൈക്‌സൂ എന്നിവരെ നിയമിച്ചു. അഹമ്മദ് അൽ സലൂം ട്രഷററായും ഖാലിദ് ജുമ വൈസ് ട്രഷററായും ചുമതലയേറ്റു. മുതിർന്ന അംഗമായ യൂസഫ് സലാഹുദ്ദീന്റെ അധ്യക്ഷതയിൽ ആരംഭിച്ച യോഗത്തിൽ നിയമപരമായ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് നബീൽ കാനു ചെയർമാനായി ചുമതലയേറ്റത്.
തന്നിൽ അർപ്പിച്ച വിശ്വാസത്തിന് നന്ദി പറഞ്ഞ നബീൽ കാനു, സ്വകാര്യ മേഖല നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കുന്നതിന് മുൻഗണന നൽകുമെന്ന് വ്യക്തമാക്കി. ഹൃസ്വ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് (MSME) കൂടുതൽ പിന്തുണ നൽകുക, സാമ്പത്തിക സഹായവും വളർച്ചാ അവസരങ്ങളും ഉറപ്പാക്കുക എന്നിവയാണ് പുതിയ സമിതിയുടെ പ്രധാന ലക്ഷ്യങ്ങൾ. സർക്കാർ സംവിധാനങ്ങളുമായി സഹകരിച്ച് വാണിജ്യ നിയമങ്ങളിൽ ആവശ്യമായ പരിഷ്‌ക്കരണങ്ങൾ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ സമ്പദ്‌വ്യവസ്ഥയ്ക്കും സ്വകാര്യ മേഖലയ്ക്കും നൽകി വരുന്ന നിരന്തരമായ പിന്തുണയ്ക്ക് ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫയ്ക്കും, സാമ്പത്തിക പരിഷ്‌ക്കരണങ്ങൾക്ക് നേതൃത്വം നൽകുന്ന കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയ്ക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
അസാധാരണ സാഹചര്യത്തിലും തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുത്ത എല്ലാ അംഗങ്ങളെയും, സുഗമമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കിയ വ്യവസായ വാണിജ്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവരെയും അദ്ദേഹം അഭിനന്ദിച്ചു. സമീർ നാസിന്റെ നേതൃത്വത്തിലുള്ള മുൻ ഭരണസമിതിയുടെ പ്രവർത്തനങ്ങളെയും അദ്ദേഹം യോഗത്തിൽ പ്രകീർത്തിച്ചു.
saadsasas




