401 മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ തകർത്ത് ബഹ്‌റൈൻ; ശക്തമായ തിരിച്ചടിയുമായി പ്രതിരോധ സേന
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈൻ രാജ്യത്തിന് നേരെ ഇറാൻ നടത്തിയ അതിശക്തമായ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ വിജയകരമായി പ്രതിരോധിച്ച് ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സ് (BDF). രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ അതീവ ജാഗ്രതയോടെ പ്രവർത്തിക്കുന്നതായും ശത്രുനീക്കങ്ങളെ തക്കസമയത്ത് തകർക്കുന്നതായും ബി.ഡി.എഫ് ജനറൽ കമാൻഡ് അറിയിച്ചു.
അക്രമണം ആരംഭിച്ചത് മുതൽ ഇതുവരെ രാജ്യത്തെ ലക്ഷ്യമിട്ടെത്തിയ 145 മിസൈലുകളും 246 ഡ്രോണുകളും ഉൾപ്പെടെ ആകെ 401 വിക്ഷേപണങ്ങൾ തകർക്കാൻ സൈന്യത്തിന് സാധിച്ചു. സൈനികരുടെ പോരാട്ടവീര്യത്തെയും സന്നദ്ധതയെയും ജനറൽ കമാൻഡ് പ്രശംസിച്ചു. രാജ്യത്തിന്റെ ആകാശം സുരക്ഷിതമാണെന്നും സൈന്യത്തിന്റെ പ്രവർത്തനക്ഷമതയിൽ ജനങ്ങൾക്ക് പൂർണ്ണ വിശ്വാസമർപ്പിക്കാമെന്നും സൈന്യം ഉറപ്പുനൽകി.
സുരക്ഷ മുൻനിർത്തി പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സൈന്യം നിർദ്ദേശിച്ചു. മിസൈൽ അവശിഷ്ടങ്ങൾ വീണ സ്ഥലങ്ങളിലോ സംശയാസ്പദമായ വസ്തുക്കൾക്ക് അടുത്തോ പോകരുതെന്നും സൈനിക നീക്കങ്ങളുടെയോ തകർന്നുവീണ അവശിഷ്ടങ്ങളുടെയോ ചിത്രങ്ങൾ പകർത്തി പ്രചരിപ്പിക്കരുതെന്നും കർശന നിർദ്ദേശമുണ്ട്. അഭ്യൂഹങ്ങൾ വിശ്വസിക്കാതെ ഔദ്യോഗിക മാധ്യമങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രം സ്വീകരിക്കണമെന്നും അറിയിപ്പിൽ പറയുന്നു.
ജനവാസ മേഖലകളെയും സ്വകാര്യ സ്വത്തുക്കളെയും ലക്ഷ്യമിട്ടുള്ള ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭാ ചാർട്ടറിന്റെയും നഗ്നമായ ലംഘനമാണെന്ന് ബഹ്‌റൈൻ വ്യക്തമാക്കി. ഈ നടപടി മേഖലയുടെ സമാധാനത്തിനും സുരക്ഷയ്ക്കും നേരിട്ടുള്ള ഭീഷണിയാണെന്നും ജനറൽ കമാൻഡ് പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
asas



