ശബ്ദമലിനീകരണവും പൊതുശല്യവും: വാഹനങ്ങൾ പിടിച്ചെടുത്തു, ഡ്രൈവർമാർക്കെതിരെ നടപടി
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ജനവാസ മേഖലകളിൽ അമിതശബ്ദമുണ്ടാക്കി ഭീതി പരത്തുകയും പൊതുസമാധാനത്തിന് ഭംഗം വരുത്തുകയും ചെയ്ത നിരവധി ഡ്രൈവർമാരെ ട്രാഫിക് വിഭാഗം പിടികൂടി. നിയമലംഘനം നടത്തിയവരുടെ വാഹനങ്ങൾ 60 ദിവസത്തേക്ക് കണ്ടുകെട്ടിയതായും അധികൃതർ അറിയിച്ചു.
രാത്രികാലങ്ങളിലും മറ്റും വാഹനങ്ങളിൽ രൂപമാറ്റം വരുത്തിയും അമിത വേഗതയിൽ ഓടിച്ചും വലിയ ശബ്ദമുണ്ടാക്കുന്നത് പൗരന്മാർക്കും താമസക്കാർക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരുന്നത്. ഇത് സംബന്ധിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് നടപടി. പിടിയിലായവർക്കെതിരെ പിഴയടക്കമുള്ള കർശനമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
റോഡിലെ അച്ചടക്കം ലംഘിക്കുന്നവർക്കെതിരെ വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. പൊതുജനങ്ങളുടെ സുരക്ഷയ്ക്കും സമാധാനത്തിനും തടസ്സമാകുന്ന ഇത്തരം പ്രവണതകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
asasdas


