ഊർജ്ജ-കാലാവസ്ഥാ മേഖലകളിൽ സഹകരണം ശക്തമാക്കാൻ ബഹ്റൈനും ജപ്പാനും
പ്രദീപ് പുറവങ്കര
മനാമ: ടോക്കിയോയിൽ നടന്ന ഐലൻഡ് സ്റ്റേറ്റ്സ് ഓഷ്യൻ സമ്മിറ്റിന്റെ ഭാഗമായി ഊർജ്ജം, കാലാവസ്ഥാ വ്യതിയാനം, സാങ്കേതികവിദ്യ, ആണവ നിയന്ത്രണം എന്നീ മേഖലകളിൽ സഹകരണത്തിന്റെ പുതിയ സാധ്യതകൾ ആരാഞ്ഞ് ബഹ്റൈനും ജപ്പാനും തമ്മിൽ ഉന്നതതല ചർച്ചകൾ നടത്തി.
തന്ത്രപ്രധാനമായ വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെ എണ്ണ-പരിസ്ഥിതി മന്ത്രിയും കാലാവസ്ഥാ കാര്യങ്ങൾക്കായുള്ള പ്രത്യേക ദൂതനുമായ ഡോ. മുഹമ്മദ് ബിൻ മുബാറക് ബിൻ ദൈന ജപ്പാനിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.
ജപ്പാൻ സാമ്പത്തിക, വ്യാപാര, വ്യവസായ മന്ത്രാലയത്തിലെ സ്റ്റേറ്റ് മന്ത്രി കെഞ്ചി യമദയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഊർജ്ജം, വ്യവസായം, പരിസ്ഥിതി എന്നീ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കുന്നതിനെക്കുറിച്ചും നിക്ഷേപ സാധ്യതകളെക്കുറിച്ചും സാങ്കേതിക പങ്കാളിത്തത്തെക്കുറിച്ചും ചർച്ചകൾ കേന്ദ്രീകരിച്ചു.
തുടർന്ന് ജപ്പാൻ പരിസ്ഥിതി മന്ത്രാലയത്തിലെ ഗ്ലോബൽ എൻവയോൺമെന്റൽ അഫയേഴ്സ് വൈസ് മന്ത്രി ദോയ് കെന്റാരോയുമായും മന്ത്രി കൂടിക്കാഴ്ച നടത്തി. ബഹ്റൈന്റെ പരിസ്ഥിതി, കാലാവസ്ഥാ സംരംഭങ്ങൾ അവലോകനം ചെയ്ത യോഗത്തിൽ ശാസ്ത്രീയ ഗവേഷണം, സമുദ്ര നിരീക്ഷണം, കാലാവസ്ഥാ പ്രതിരോധം എന്നിവയിലെ സഹകരണ സാധ്യതകൾ വിലയിരുത്തി.
മറ്റൊരു പ്രത്യേക കൂടിക്കാഴ്ചയിൽ നിപ്പോൺ ഫൗണ്ടേഷൻ ഓണററി ചെയർമാൻ യോഹെ സാസകാവയുമായി പരിസ്ഥിതി സുസ്ഥിരത ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ദ്വീപ്-തീരദേശ സമൂഹങ്ങളെ പിന്തുണയ്ക്കുന്നതിനായി ശാസ്ത്രാധിഷ്ഠിത പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്തു.
ആണവ നിയന്ത്രണ മേഖലയിലെ സാങ്കേതിക സഹകരണം, നിയന്ത്രണങ്ങളിലെ പുരോഗതി, വൈദഗ്ധ്യം പങ്കുവെക്കൽ എന്നിവയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഡോ. ബിൻ ദൈനയും പ്രതിനിധി സംഘവും ജപ്പാനിലെ ന്യൂക്ലിയർ റെഗുലേഷൻ അതോറിറ്റി ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി.
ജപ്പാനിലെ ബഹ്റൈൻ അംബാസഡർ അഹമ്മദ് മുഹമ്മദ് അൽ ദോസരി, സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ് ചീഫ് എക്സിക്യൂട്ടീവ് ആംന ഹമദ് അൽ റുമൈഹി എന്നിവരും ഈ ഉന്നതതല യോഗങ്ങളിൽ പങ്കെടുത്തു.
sdfsdf

