ട്രെയിനുകളിൽ ടിക്കറ്റില്ലാത്തവർ കുടുങ്ങും; ടി.ടി.ഇമാർക്ക് പുതിയ കളക്ഷൻ ടാർഗറ്റുമായി റെയിൽവേ
ഷീബ വിജയൻ
കോഴിക്കോട്: ട്രെയിനുകളിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെ പിടികൂടാൻ കർശന നടപടികളുമായി റെയിൽവേ രംഗത്ത്. ടി.ടി.ഇമാർക്കും സ്പെഷ്യൽ സ്ക്വാഡുകൾക്കും പുതിയ വരുമാന ടാർഗറ്റ് നിശ്ചയിച്ചാണ് റെയിൽവേയുടെ പുതിയ നീക്കം. പാലക്കാട് ഡിവിഷനിൽ മാത്രം ടിക്കറ്റില്ലാ യാത്രക്കാരിൽ നിന്ന് പ്രതിവർഷം 27 കോടി രൂപ പിരിച്ചെടുക്കുകയാണ് ലക്ഷ്യം. ഇതനുസരിച്ച് ഒരു ടി.ടി.ഇ പ്രതിമാസം 25,000 രൂപയും സ്ലീപ്പർ കോച്ചുകളുടെ ചുമതലയുള്ളവർ 10,000 രൂപയും പിഴയായി സമാഹരിക്കണം. സീസൺ ടിക്കറ്റുകാർ സ്ലീപ്പർ കോച്ചുകളിൽ കയറുന്നതും പിഴയുടെ പരിധിയിൽ വരും. നിലവിൽ പിഴ നിരക്കുകളിലും വലിയ വർദ്ധനവ് വരുത്തിയിട്ടുണ്ട്. ജനറൽ കോച്ചുകളിൽ 50 കിലോമീറ്റർ വരെ ടിക്കറ്റില്ലാതെ യാത്ര ചെയ്താൽ 320 രൂപയും സ്ലീപ്പർ കോച്ചുകളിൽ 530 രൂപയുമാണ് ഏറ്റവും കുറഞ്ഞ പിഴ. എ.സി കോച്ചുകളിൽ പിഴത്തുക 745 മുതൽ 2070 രൂപ വരെയാകും. എന്നാൽ ആവശ്യത്തിന് ടി.ടി.ഇമാർ ഇല്ലാത്തതും ജനറൽ കോച്ചുകളുടെ എണ്ണം കൂട്ടാത്തതുമാണ് യാത്രക്കാർ സ്ലീപ്പർ കോച്ചുകളെ ആശ്രയിക്കാൻ കാരണമെന്ന് റെയിൽവേ ജീവനക്കാർ ചൂണ്ടിക്കാണിക്കുന്നു.
ADEQWEWDDSDEWSEDRSW

