പോലീസ് വീഴ്ചകൾക്കെതിരെയുള്ള പരാതികളിൽ കുറവ്: ബഹ്‌റൈൻ എസ്.ഐ.യു വാർഷിക റിപ്പോർട്ട് പുറത്തുവിട്ടു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈനിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായേക്കാവുന്ന വീഴ്ചകളും മോശം പെരുമാറ്റങ്ങളും അന്വേഷിക്കുന്ന സ്വതന്ത്ര ജുഡീഷ്യൽ ബോഡിയായ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് (SIU) 2025-ലെ വാർഷിക റിപ്പോർട്ട് പുറത്തിറക്കി. കഴിഞ്ഞ വർഷം ആകെ 49 പരാതികളാണ് യൂണിറ്റ് രജിസ്റ്റർ ചെയ്തത്. മുൻവർഷങ്ങളെ അപേക്ഷിച്ച് സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെയുള്ള പരാതികളിൽ വലിയ കുറവുണ്ടായതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. 2017-ൽ 136 പരാതികൾ റിപ്പോർട്ട് ചെയ്തിരുന്ന സ്ഥാനത്ത് 2023-ൽ 45-ഉം 2024-ൽ 39-ഉം കേസുകൾ മാത്രമാണ് രേഖപ്പെടുത്തിയത്.
പൊതു സുരക്ഷാ സേനാംഗങ്ങൾക്കെതിരെയുള്ള മർദ്ദനം, അമിത ബലപ്രയോഗം, പീഡനം തുടങ്ങിയ ഗൗരവകരമായ ആരോപണങ്ങളാണ് എസ്.ഐ.യു പ്രധാനമായും അന്വേഷിക്കുന്നത്. കഴിഞ്ഞ വർഷം ലഭിച്ച 49 പരാതികളിൽ ഭൂരിഭാഗവും പബ്ലിക് പ്രോസിക്യൂഷൻ കൈമാറിയവയാണ്. ബാക്കിയുള്ളവ ഇരകളോ അവരുടെ ബന്ധുക്കളോ നേരിട്ട് വെബ്സൈറ്റ് വഴിയും ഇമെയിൽ വഴിയും സമർപ്പിച്ചവയാണ്. പരാതി നൽകിയവരിൽ 47 പേർ ബഹ്‌റൈൻ സ്വദേശികളും 10 പേർ വിദേശികളുമാണ്. ചില കേസുകളിൽ ഒന്നിലധികം പരാതിക്കാർ ഉൾപ്പെട്ടതിനാലാണ് ഈ എണ്ണത്തിൽ വ്യത്യാസം വരുന്നത്.
അന്വേഷണ നടപടികളുടെ ഭാഗമായി കഴിഞ്ഞ വർഷം 45 പ്രതികളെയും സംശയിക്കപ്പെടുന്ന 59 പേരെയും യൂണിറ്റ് ചോദ്യം ചെയ്തു. കൂടാതെ 52 പരാതിക്കാരുടെയും 44 സാക്ഷികളുടെയും മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്. ശാസ്ത്രീയമായ തെളിവുകൾ ശേഖരിക്കുന്നതിനായി 36 കേസുകളിൽ ഫോറൻസിക് ഡോക്ടറുടെ നേതൃത്വത്തിൽ വൈദ്യപരിശോധന നടത്തി. ശാരീരിക പീഡനത്തിനൊപ്പം തന്നെ ഇരകളുടെ മാനസികാരോഗ്യം ഉറപ്പാക്കുന്നതിനായി 23 കേസുകളിൽ പ്രത്യേക സൈക്കോളജിക്കൽ സപ്പോർട്ടും യൂണിറ്റ് നൽകി.
ശിക്ഷാ നടപടികളുടെ കാര്യത്തിലും കർശനമായ നിലപാടാണ് എസ്.ഐ.യു സ്വീകരിച്ചത്. മൂന്ന് കേസുകളിലായി ഒൻപത് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അച്ചടക്ക നടപടികൾ സ്വീകരിച്ചു. സ്ഥാനക്കയറ്റം തടയുക, ശമ്പളം വെട്ടിക്കുറയ്ക്കുക, കർശനമായ മുന്നറിയിപ്പ് നൽകുക എന്നിവയായിരുന്നു പ്രധാന ശിക്ഷകൾ. ഇതിനുപുറമെ ഗൗരവകരമായ രണ്ട് കേസുകൾ ക്രിമിനൽ കോടതിയുടെ പരിഗണനയ്ക്കായി കൈമാറുകയും ചെയ്തു.
ബഹ്‌റൈൻ ഇൻഡിപെൻഡന്റ് കമ്മീഷൻ ഓഫ് ഇൻക്വയറിയുടെ (BICI) ശുപാർശ പ്രകാരം 2012-ലാണ് എസ്.ഐ.യു സ്ഥാപിതമായത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകുന്ന നിയമലംഘനങ്ങൾ തടയുന്നതിനും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് ഈ സ്വതന്ത്ര ബോഡി പ്രവർത്തിക്കുന്നത്. ഇത്തരം പരാതികളുള്ളവർക്ക് 17570097, 17570065 എന്നീ നമ്പറുകളിലോ contact@siu.gov.bh എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.
sdfsf




