ബഹ്‌റൈൻ ബോട്ട് തട്ടിക്കൊണ്ടുപോയി ഇറാനിയൻ സംഘത്തിന്റെ സായുധ കവർച്ച; നാവികർക്ക് നേരെ ആക്രമണം


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈൻ ബോട്ടിലുണ്ടായിരുന്ന മൂന്ന് നാവികരെ ഇറാനിയൻ പൗരന്മാർ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി സായുധ കവർച്ച നടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു അന്താരാഷ്ട്ര സമുദ്ര നിയമങ്ങളെ വെല്ലുവിളിച്ചുകൊണ്ടുള്ള ഈ സംഭവം നടന്നത്.

കടലിൽ വെച്ച് നാവികരെ തടഞ്ഞുവെച്ച അക്രമികൾ, തോക്കിൻമുനയിൽ ഭീഷണിപ്പെടുത്തി അവരെ ഇറാൻ്റെ സമാന്തര അതിർത്തിക്കുള്ളിലേക്ക് ബലംപ്രയോഗിച്ച് കൊണ്ടുപോവുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന ഒരു എഞ്ചിനും നാവികരുടെ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും സംഘം കവർന്നു. തുടർന്ന് നാവികരെ അക്രമികൾ ഉപയോഗിച്ചിരുന്ന ബോട്ടിലേക്ക് മാറ്റുകയും ഇറാൻ്റെ ഉൾക്കടൽ ഭാഗത്തേക്ക് കൊണ്ടുപോവുകയും ചെയ്തു.

ഏകദേശം മൂന്ന് മണിക്കൂറോളം തടഞ്ഞുവെച്ച ശേഷം നാവികരെ വിട്ടയക്കുകയായിരുന്നു. തുടർന്ന് ഇവർ സ്വന്തം ബോട്ടിൽ ബഹ്‌റൈനിലേക്ക് തിരികെ എത്തി. ഇറാൻ പൗരന്മാരുടെ ഭാഗത്തുനിന്ന് സമാനമായ രീതിയിലുള്ള ആക്രമണങ്ങൾ മുൻപും ഉണ്ടായിട്ടുണ്ടെന്ന് കോസ്റ്റ്ഗാർഡ് റിപ്പോർട്ട് ചെയ്യുന്നു.

ഈ സംഭവം അന്താരാഷ്ട്ര സമുദ്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. വിഷയത്തിൽ ഗൗരവകരമായ അന്വേഷണം നടക്കുന്നുണ്ടെന്നും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാൻ ബഹ്‌റൈന് അവകാശമുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

article-image

sgdg

You might also like

  • Lulu Exchange
  • Straight Forward

Most Viewed