ബഹ്‌റൈൻ അതിർത്തിക്ക് സമീപം കടൽക്കൊള്ളക്കാരുടെ ആക്രമണം; നാവികരെ തട്ടിക്കൊണ്ടുപോയി മോചിപ്പിച്ചു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈന്റെ വടക്കൻ സമുദ്ര അതിർത്തിക്ക് സമീപം ബഹ്‌റൈനി ബോട്ടിൽ കടൽക്കൊള്ളക്കാരുടെ ആക്രമണം. ഒരു ബഹ്‌റൈനി പൗരനും രണ്ട് ഏഷ്യൻ വംശജരും സഞ്ചരിച്ചിരുന്ന ബോട്ടിന് നേരെയാണ് ആക്രമണമുണ്ടായത്. 43 വയസ്സുള്ള ബഹ്‌റൈനി നാവികനും 36-ഉം 38-ഉം വയസ്സുള്ള രണ്ട് ഏഷ്യക്കാരുമാണ് ബോട്ടിലുണ്ടായിരുന്നത്.
മെയിൻ ഓപ്പറേഷൻസ് റൂമിൽ നിന്ന് വിവരം ലഭിച്ച ഉടൻ തന്നെ കോസ്റ്റ് ഗാർഡ് നടപടികൾ ആരംഭിച്ചു. കൊള്ളക്കാർ നാവികരെ ബോട്ടിൽ നിന്ന് പിടിച്ചിറക്കി ഇറാനിയൻ ജലാർത്തിയിലേക്ക് തട്ടിക്കൊണ്ടുപോവുകയും ബോട്ടിനുള്ളിലെ സാധനങ്ങൾ കവരുകയും ചെയ്തതായി കോസ്റ്റ് ഗാർഡ് അറിയിച്ചു. ഏകദേശം മൂന്ന് മണിക്കൂറിന് ശേഷമാണ് നാവികരെ തിരികെ ബോട്ടിൽ എത്തിച്ചത്.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്നും ബന്ധപ്പെട്ട അധികൃതരുമായി ഏകോപിപ്പിച്ച് ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും കോസ്റ്റ് ഗാർഡ് കമാൻഡ് വ്യക്തമാക്കി. അതിർത്തി മേഖലകളിൽ സുരക്ഷാ നിരീക്ഷണം കർശനമാക്കിയതായും അധികൃതർ അറിയിച്ചു.
aa


