ബഹ്‌റൈൻ കേരളീയ സമാജത്തിൽ 'ഹർഷം 2026' സാംസ്‌കാരിക സംഗമം വർണ്ണാഭമായി
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ഒ.ഐ.സി.സി പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'ഹർഷം 2026' സാംസ്‌കാരിക സംഗമം ബഹ്‌റൈൻ കേരളീയ സമാജത്തിൽ വെച്ച് നടന്നു. പ്രവാസലോകത്തെ പത്തനംതിട്ടക്കാരുടെ കൂട്ടായ്മയും കരുത്തും വിളംബരം ചെയ്ത ചടങ്ങിൽ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ജില്ലാ കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് പ്രൊഫ. സതീശ് കൊച്ചുപറമ്പിൽ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡനും പരിപാടിയിൽ സംസാരിച്ചു. ജീവകാരുണ്യ മേഖലയിൽ മികച്ച സംഭാവനകൾ നൽകുന്ന ലെനി പി. മാത്യു, ലൈജു പി. മാത്യു എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ഒ.ഐ.സി.സി ജില്ലാ പ്രസിഡന്റ് അലക്സ് മഠത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹർഷം 2026 ചെയർമാൻ സൈദ് എം.എസ് ആമുഖ പ്രഭാഷണം നിർവഹിച്ചു. ജനറൽ കൺവീനർ ജീസൺ ജോർജ് സ്വാഗതം ആശംസിച്ചു. ബഹ്‌റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ഒ.ഐ.സി.സി നേതാക്കളായ രാജു കല്ലുംപുറം, സി.പി. വർഗീസ്, ബിനു കുന്നന്താനം, ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ എന്നിവരടക്കം നിരവധി നേതാക്കൾ ചടങ്ങിൽ സംബന്ധിച്ചു. പത്തനംതിട്ടയുടെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന വിവിധ പരിപാടികൾ സംഗമത്തിന് മാറ്റുകൂട്ടി.
ഔറ ആർട്‌സ് അവതരിപ്പിച്ച കലാപരിപാടികൾ ഹർഷം 2026-നെ കൂടുതൽ ആകർഷകമാക്കി. സെക്രട്ടറി ഇൻചാർജ് ശോഭ സജി നന്ദി രേഖപ്പെടുത്തി. പ്രോഗ്രാം കൺവീനർ ബിബിൻ മാടത്തേത്തിന്റെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റിയാണ് പരിപാടികൾക്ക് ചുക്കാൻ പിടിച്ചത്.
hh


