കിംഗ് ഫഹദ് കോസ്‌വേയിൽ ടോൾ നിരക്ക് പുതുക്കി; ഫെബ്രുവരി 18 മുതൽ പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ
പ്രദീപ് പുറവങ്കര I ബഹ്റൈൻ:
സൗദി അറേബ്യയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേയിലെ ടോൾ നിരക്കുകൾ പുതുക്കി നിശ്ചയിച്ചതായി അതോറിറ്റി അറിയിച്ചു. ഫെബ്രുവരി 18 മുതലാണ് പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുന്നത്. ഇരു രാജ്യങ്ങൾക്കുമിടയിൽ യാത്ര ചെയ്യുന്നവർക്ക് കൂടുതൽ മികച്ച സേവനങ്ങളും സുഗമമായ യാത്രാനുഭവവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് അതോറിറ്റിയുടെ ഈ നടപടി.
പുതുക്കിയ നിരക്കുകൾ പ്രകാരം കാറുകൾക്കും മോട്ടോർ സൈക്കിളുകൾക്കും ഒരു വശത്തേക്ക് 35 റിയാലാണ് ടോൾ നൽകേണ്ടി വരിക. മിനി ബസുകൾക്ക് 55 റിയാലും വലിയ ബസുകൾക്ക് 70 റിയാലുമായിരിക്കും പുതിയ നിരക്ക്. ട്രക്കുകളെ സംബന്ധിച്ചിടത്തോളം ഓരോ ടണ്ണിനും 7 റിയാൽ വീതമാണ് ടോൾ നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ ഭിന്നശേഷിക്കാർ, വിദ്യാർത്ഥികൾ, സ്ഥിരമായി കോസ്‌വേ വഴി യാത്ര ചെയ്യുന്നവർ എന്നിവർക്ക് നിലവിലുള്ള ഇളവുകൾ തുടരുമെന്നും അവരുടെ ടോൾ നിരക്കുകളിൽ മാറ്റമുണ്ടാകില്ലെന്നും അതോറിറ്റി ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
കോസ്‌വേ ഉപയോഗിക്കുന്ന യാത്രക്കാർ ടോൾ പ്ലാസകളിലെ ഡിജിറ്റൽ സേവനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ഇത് യാത്രാ നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ സഹായിക്കും. ടോൾ നിരക്കുകളെ കുറിച്ചും മറ്റുമുള്ള കൂടുതൽ വിവരങ്ങൾക്ക് അതോറിറ്റിയുടെ ഔദ്യോഗിക ചാനലുകൾ ശ്രദ്ധിക്കണമെന്നും അറിയിപ്പിൽ പറയുന്നു.
sxasxacxz


