മുതിർന്ന സർക്കാർ ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കാനുള്ള നിർദ്ദേശം ശൂറ കൗൺസിൽ തള്ളിയേക്കും
പ്രദീപ് പുറവങ്കര I ഗൾഫ് I ബഹ്റൈൻ:
50 വയസ്സിന് മുകളിൽ പ്രായമുള്ള സർക്കാർ ജീവനക്കാരുടെ ജോലി സമയം കുറയ്ക്കാനും വാർഷിക അവധി വർദ്ധിപ്പിക്കാനുമുള്ള കരട് നിയമഭേദഗതി നാളെ ബഹ്റൈൻ ശൂറ കൗൺസിൽ ചർച്ച ചെയ്യും. എന്നാൽ, ഈ നിർദ്ദേശം തത്വത്തിൽ അംഗീകരിക്കാനാവില്ലെന്ന കർശന നിലപാടിലാണ് കൗൺസിലിന്റെ ലെജിസ്ലേറ്റീവ് ആൻഡ് ലീഗൽ അഫയേഴ്സ് കമ്മിറ്റി.
പാർലമെന്റ് അധോസഭ മുന്നോട്ടുവെച്ച ഈ നിർദ്ദേശപ്രകാരം 50 വയസ്സായവർക്ക് പ്രതിദിനം ഒരു മണിക്കൂർ ജോലി കുറയ്ക്കാനും, പ്രായം കൂടുന്തോറും ഇത് മൂന്ന് മണിക്കൂർ വരെയായി വർദ്ധിപ്പിക്കാനുമായിരുന്നു ശുപാർശ. കൂടാതെ വാർഷിക അവധി 45 ദിവസം വരെയായി ഉയർത്താനും നിർദ്ദേശമുണ്ടായിരുന്നു.
എന്നാൽ, ഒരേ തസ്തികയിൽ ഒരേ ജോലി ചെയ്യുന്നവർക്കിടയിൽ പ്രായത്തിന്റെ അടിസ്ഥാനത്തിൽ ഇത്തരമൊരു വിവേചനം കാണിക്കുന്നത് ഭരണഘടനാപരമായ തുല്യനീതിക്ക് വിരുദ്ധമാണെന്ന് ദലാൽ അൽ സായിദ് അധ്യക്ഷയായ സമിതി വിലയിരുത്തി. ഈ പരിഷ്കാരം പൊതുസേവനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും സർക്കാരിന് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നും സമിതി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ജോലി എന്നത് പ്രായഭേദമന്യേ കൃത്യനിഷ്ഠയോടെ നിർവ്വഹിക്കേണ്ട ദേശീയ സേവനമാണെന്നും, നിലവിലെ സിവിൽ സർവീസ് ചട്ടക്കൂടിന് ഈ ഭേദഗതി അനുയോജ്യമല്ലെന്നും സമിതി വ്യക്തമാക്കി.
aa


