ഫ്ലാറ്റുകളുടെ വില നൽകിയിട്ടും ഉടമസ്ഥാവകാശം കൈമാറിയില്ല : നിക്ഷേപകന് അനുകൂല വിധിയുമായി ബഹ്റൈൻ കോടതി
പ്രദീപ് പുറവങ്കര I ഗൾഫ് I ബഹ്റൈൻ:
രണ്ട് പാർപ്പിട ഫ്ലാറ്റുകളുടെ വില പൂർണ്ണമായും നൽകിയിട്ടും ഉടമസ്ഥാവകാശം കൈമാറാൻ വിസമ്മതിച്ച പ്രോപ്പർട്ടി ഇൻവെസ്റ്റ്‌മെന്റ് കമ്പനിക്കെതിരെ ബഹ്‌റൈൻ ഹൈ സിവിൽ കോടതി വിധി പുറപ്പെടുവിച്ചു. 55,500 ബഹ്‌റൈൻ ദിനാർ നൽകി ഫ്ലാറ്റുകൾ വാങ്ങിയ വ്യക്തിയുടെ പേരിലേക്ക് ഉടമസ്ഥാവകാശം ഉടൻ മാറ്റാനാണ് കോടതി ഉത്തരവിട്ടത്.
വിൽപ്പന കരാറുകൾ സാക്ഷ്യപ്പെടുത്താൻ കമ്പനി തയ്യാറാകാതിരുന്നതോടെ, കമ്പനിക്കെതിരായ മറ്റ് കടബാധ്യതകളുടെയും കേസുകളുടെയും ഭാഗമായി ഈ വസ്തുക്കളും കണ്ടുകെട്ടപ്പെടുമെന്ന ആശങ്കയിലായിരുന്നു ഉടമ. എന്നാൽ ഇടപാടുകൾ സുതാര്യമാണെന്നും രണ്ട് കരാറുകളും നിയമപരമായി നിലനിൽക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു. ഫ്ലാറ്റുകൾ വാങ്ങിയ വ്യക്തിയുടെ പേരിൽ പ്രത്യേക ഉടമസ്ഥാവകാശ രേഖകൾ നൽകാനും ഇടപാടുകൾ രജിസ്റ്റർ ചെയ്യാനും സർവേ ആൻഡ് ലാൻഡ് രജിസ്ട്രേഷൻ ബ്യൂറോയ്ക്ക് കോടതി നിർദ്ദേശം നൽകി.
പണം മുഴുവൻ നൽകിയിട്ടും ഉടമസ്ഥാവകാശം കൈമാറാൻ ആവശ്യമായ രേഖകൾ പൂർത്തിയാക്കാൻ കമ്പനി തയ്യാറാകാത്തതിനെത്തുടർന്നാണ് തന്റെ കക്ഷി കോടതിയെ സമീപിച്ചതെന്ന് അഭിഭാഷകൻ സനദ് ബുച്ചീരി വ്യക്തമാക്കി. കമ്പനിക്കെതിരായ മറ്റ് സാമ്പത്തിക കേസുകളിൽ ഈ വസ്തുക്കൾ കൂടി ഉൾപ്പെടുന്നത് ഒഴിവാക്കാനാണ് അടിയന്തര നിയമനടപടികൾ സ്വീകരിച്ചത്. കേസ് ചെലവുകളും അഭിഭാഷക ഫീസും കമ്പനി തന്നെ വഹിക്കണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
aa


