ബഹ്‌റൈൻ രാജാവും യു.എസ് കോൺഗ്രസ് പ്രതിനിധി സംഘവും കൂടിക്കാഴ്ച നടത്തി
പ്രദീപ് പുറവങ്കര / മനാമ
ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ യു.എസ് കോൺഗ്രസ് പ്രതിനിധി സംഘവുമായി മനാമയിൽ കൂടിക്കാഴ്ച നടത്തി. യു.എസ് സെനറ്റ് ആംഡ് സർവീസസ് കമ്മിറ്റി അംഗം സെനറ്റർ മാർക്ക്‌വെയ്ൻ മുള്ളിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് രാജാവുമായി ചർച്ച നടത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധം ദൃഢമാക്കുന്നതിനും ഭാവി സഹകരണത്തിനുമാണ് കൂടിക്കാഴ്ചയിൽ മുൻഗണന നൽകിയത്.
അമേരിക്കയുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിലും ശക്തമായ സൗഹൃദത്തിലും ബഹ്‌റൈൻ വലിയ അഭിമാനം കൊള്ളുന്നതായി ഹമദ് രാജാവ് പറഞ്ഞു. എല്ലാ മേഖലകളിലും ഈ ബന്ധം കൂടുതൽ ശക്തിപ്പെടുത്താനാണ് രാജ്യം ലക്ഷ്യമിടുന്നത്. മേഖലയിലെ സമാധാനവും സമുദ്ര സുരക്ഷയും ഉറപ്പാക്കുന്നതിലും അന്താരാഷ്ട്ര കപ്പൽ ഗതാഗതം സംരക്ഷിക്കുന്നതിലും യു.എസ് നാവികസേനയുടെ സെൻട്രൽ കമാൻഡ് നടത്തുന്ന നിർണ്ണായക പ്രവർത്തനങ്ങളെ രാജാവ് പ്രത്യേകം പ്രശംസിച്ചു. ലോകമെമ്പാടും സമാധാനം കൊണ്ടുവരുന്നതിനായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തുന്ന പരിശ്രമങ്ങളെയും അദ്ദേഹം ചർച്ചയിൽ അഭിനന്ദിച്ചു.
ബഹ്‌റൈന്റെ വികസനത്തിൽ ഇവിടത്തെ അമേരിക്കൻ സമൂഹം നൽകുന്ന സംഭാവനകളെ രാജാവ് അഭിനന്ദിച്ചു. മേഖലയിലെ സുസ്ഥിരതയ്ക്കും സമാധാനത്തിനും ബഹ്‌റൈൻ നൽകുന്ന പിന്തുണയെയും സ്വീകരിക്കുന്ന നിലപാടുകളെയും പ്രശംസിച്ച യു.എസ് പ്രതിനിധി സംഘം, സമാധാനം പ്രോത്സാഹിപ്പിക്കുന്നതിൽ ബഹ്‌റൈന്റെ പങ്ക് ആഗോളതലത്തിൽ ശ്രദ്ധേയമാണെന്നും കൂട്ടിച്ചേർത്തു.
dfxgdfg

