ടിക്‌ടോക് വഴി ബഹ്റൈനിൽ മയക്കുമരുന്ന് കച്ചവടം: ശിക്ഷിക്കപ്പെട്ട പാക് സ്വദേശികൾ അപ്പീൽ കോടതിയിൽ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ടിക്‌ടോക് വഴി മയക്കുമരുന്ന് വാങ്ങി വിൽക്കാൻ ശ്രമിച്ച കേസിൽ 10 വർഷം തടവിന് ശിക്ഷിക്കപ്പെട്ട രണ്ട് പാകിസ്താൻ സ്വദേശികൾ സുപ്രീം ക്രിമിനൽ അപ്പീൽ കോടതിയെ സമീപിച്ചു. 23-ഉം 26-ഉം വയസ്സുള്ള യുവാക്കളാണ് ശിക്ഷയിൽ ഇളവ് തേടി അപ്പീൽ നൽകിയത്. ഹഷീഷ്, മെത്ത് (ഷാബു) എന്നിവ കുറഞ്ഞ വിലയ്ക്ക് വാങ്ങി മറ്റുള്ളവർക്ക് കൂടുതൽ വിലയ്ക്ക് വിറ്റ് പണം സമ്പാദിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.
ബെനിഫിറ്റ് പേ വഴി 32 ബഹ്‌റൈൻ ദിനാർ നൽകി ഇവർ മയക്കുമരുന്ന് ഓർഡർ ചെയ്യുകയും മനാമയിലെ ഒരു രഹസ്യ കേന്ദ്രത്തിൽ നിന്ന് സാധനം കൈപ്പറ്റുകയും ചെയ്തു. ഇത്തരത്തിൽ വാങ്ങിയ മയക്കുമരുന്ന് 45 ദിനാറിന് ഒരു ബഹ്‌റൈൻ സ്വദേശിക്ക് മറിച്ചുവിറ്റതോടെയാണ് ഇവർ ലഹരി ഇടപാടിലേക്ക് പൂർണ്ണമായും കടന്നത്. വെസ്റ്റ് റിഫയിലെ സൈനിക പരിശീലന കേന്ദ്രത്തിന് സമീപത്ത് നിന്ന് മയക്കുമരുന്ന് ശേഖരിക്കുന്നതിനിടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ഇവരെ നിരീക്ഷിച്ചു തുടങ്ങിയിരുന്നു. തുടർന്ന് ഒരു രഹസ്യ ഏജന്റിനെ ഉപയോഗിച്ച് പോലീസ് പ്രതികൾക്കായി കെണിയൊരുക്കുകയായിരുന്നു. 30 ദിനാറിന് ഹഷീഷ് വാങ്ങാനായി ബാബ് അൽ ബഹ്‌റൈന് സമീപമുള്ള ഹോട്ടലിന് മുന്നിൽ വെച്ച് ഇടപാട് ഉറപ്പിച്ച ദിവസം പുലർച്ചെ 1.35-ന് മയക്കുമരുന്ന് കൈമാറുന്നതിനിടെ പോലീസിന്റെ നിരീക്ഷണ സംഘം ഇവരെ കൈയോടെ പിടികൂടുകയായിരുന്നു. പ്രതികളിൽ നിന്നും അവരുടെ മോട്ടോർ സൈക്കിളിൽ നിന്നും വലിയ അളവിൽ മയക്കുമരുന്നും വിൽപനയിലൂടെ ലഭിച്ച പണവും പോലീസ് കണ്ടെടുത്തു.
പ്രതികളുടെ മൊബൈൽ ഫോണിൽ നിന്ന് മയക്കുമരുന്ന് വിൽപനയുടെ നിരക്ക് പട്ടികയും ഇടപാടുകാരുമായുള്ള ചാറ്റുകളും പോലീസിന് ലഭിച്ചു. വൈദ്യപരിശോധനയിൽ ഇവർ മയക്കുമരുന്ന് ഉപയോഗിച്ചതായും തെളിഞ്ഞു. പത്ത് വർഷം തടവും 5,000 ദിനാർ വീതം പിഴയുമാണ് കീഴ്ക്കോടതി ഇവർക്ക് വിധിച്ചിരിക്കുന്നത്. ശിക്ഷാ കാലാവധി പൂർത്തിയായാൽ ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഈ കേസിൽ അപ്പീൽ കോടതി വരുംദിവസം (ഫെബ്രുവരി 23-ന്) അന്തിമ വിധി പുറപ്പെടുവിക്കും.
fgg


