റമദാനിലെ തിരക്ക് കുറയ്ക്കാൻ നടപടി: ബഹ്‌റൈനിൽ 28 പള്ളികളിൽ കൂടി വെള്ളിയാഴ്ച നമസ്‌കാരത്തിന് അനുമതി
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: വിശുദ്ധ റമദാൻ മാസത്തിൽ വിശ്വാസികളുടെ വർദ്ധിച്ച തിരക്ക് പരിഗണിച്ച് രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലായി 28 പള്ളികളിൽ കൂടി താൽക്കാലികമായി വെള്ളിയാഴ്ച നമസ്‌കാരം (ജുമുഅ) നിർവഹിക്കാൻ അനുമതി നൽകി. സുന്നി എൻഡോവ്‌മെന്റ് ഡയറക്ടറേറ്റ് ആണ് ഇക്കാര്യം അറിയിച്ചത്. റംസാനിലെ ആദ്യ വെള്ളിയാഴ്ച മുതൽ ഈ പള്ളികളിൽ വിശ്വാസികൾക്കായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കുമെന്ന് സുന്നി എൻഡോവ്‌മെന്റ് കൗൺസിൽ ചെയർമാൻ ഡോ. ഷെയ്ഖ് റാഷിദ് അൽ ഹജാരി വ്യക്തമാക്കി.
റമദാൻ മാസത്തിൽ പള്ളികളിലെത്തുന്നവരുടെ എണ്ണം ഗണ്യമായി വർദ്ധിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് തിരക്ക് നിയന്ത്രിക്കാനും വിശ്വാസികൾക്ക് കൂടുതൽ എളുപ്പത്തിൽ നമസ്‌കാരത്തിന് സൗകര്യമൊരുക്കാനും സർക്കാർ ഈ നടപടി സ്വീകരിച്ചത്. പള്ളികളിൽ വിശ്വാസികളെ സ്വീകരിക്കുന്നതിനായി എല്ലാവിധ സജ്ജീകരണങ്ങളും ഇതിനകം പൂർത്തിയായിട്ടുണ്ട്. റമദാൻ പ്രമാണിച്ച് ഹിസ് മജസ്റ്റി രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയ്ക്കും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയ്ക്കും ബഹ്‌റൈനിലെ ജനങ്ങൾക്കും ഡോ. അൽ ഹജാരി ആശംസകൾ നേർന്നു.
രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലായി വ്യാപിച്ചുകിടക്കുന്ന പള്ളികളിലാണ് പുതിയ അനുമതി നൽകിയിരിക്കുന്നത്. മുഹറഖ് ഗവർണറേറ്റിലെ ഹിദ്ദിലുള്ള അൽ ബുറൈഷിദ് പള്ളി, ഹയ ബിന്ത് മുഹമ്മദ് അൽ ബുഫ്ലാസ പള്ളി, ദിയാർ അൽ മുഹറഖിലെ ആയിഷ അൽ റാഷിദ് പള്ളി, അരാദിലെ ഒസാമ ബിൻ സായിദ് പള്ളി, ഉമ്മുഹാത്തുൽ മുഅ്മിനീൻ പള്ളി എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ മുഹറഖിലെ അൽ ബിൻ ഖാതർ പള്ളി, അലി ബിൻ ഇബ്രാഹിം അൽ സയാനി പള്ളി, ഒമർ ബിൻ അബ്ദുൽ അസീസ് പള്ളി, സൗത്ത് ബുസൈത്തീൻ പള്ളി, ഹെസ്സ ബിന്ത് ഖലീഫ അൽ അമരി പള്ളി എന്നിവിടങ്ങളിലും വെള്ളിയാഴ്ച നമസ്‌കാരം നടക്കും.
സതേൺ ഗവർണറേറ്റിൽ ഈസ ടൗണിലെ അൽ ഇഖ്‌ലാസ് പള്ളി, ബുഹൈറിലെ ബദ്രിയ ജാഫർ അൽ മർബാത്തി പള്ളി, ഹാജിയാത്തിലെ അൽ മുഹാജിറീൻ പള്ളി എന്നിവയ്‌ക്കൊപ്പം ഈസ ബിൻ ഈസ പള്ളി, ഷെയ്ഖ് അലി ബിൻ ഖലീഫ അൽ ഖലീഫ പള്ളി, ഖലീഫ ബിൻ മുഹമ്മദ് ബിൻ സൽമാൻ അൽ ഖലീഫ പള്ളി, അൽ ബുകുവാര പള്ളി, അബു അബ്ദുല്ല സൽമാൻ അൽ ഫാരിസി പള്ളി, ഹുനൈൻ പള്ളി, ഈസ്റ്റ് റിഫയിലെ അംറ് ബിൻ അൽ ആസ് പള്ളി, സല്ലാഖിലെ ഷെയ്ഖ ഫാത്തിമ ബിന്ത് അഹമ്മദ് അൽ ഖലീഫ പള്ളി എന്നിവിടങ്ങളിലും ജുമുഅ അനുവദിച്ചു.
നോർത്തേൺ ഗവർണറേറ്റിലെ ഹമദ് ടൗണിൽ റൗണ്ട് എബൗട്ട് ഒന്നിലെ അൽ ദുവൈസാൻ പള്ളി, റൗണ്ട് എബൗട്ട് അഞ്ചിലെ അൽ അസീസ് പള്ളി, റൗണ്ട് എബൗട്ട് പത്തിലെ അബ്ദുറഹ്മാൻ ബിൻ ഔഫ് പള്ളി, അബു അയ്യൂബ് അൽ അൻസാരി പള്ളി, അസ്മ ബിന്ത് അബി ബക്കർ പള്ളി, റൗണ്ട് എബൗട്ട് 21-ലെ ഹംസ ബിൻ അബ്ദുൽ മുത്തലിബ് പള്ളി എന്നിവിടങ്ങളിലും സൗകര്യമുണ്ടാകും. ക്യാപിറ്റൽ ഗവർണറേറ്റിൽ ഉം അൽ ഹസ്സമിലെ സാദ് ബിൻ അബി വഖാസ് പള്ളിയിലാണ് അനുമതിയുള്ളത്. വിശ്വാസികൾക്ക് സമാധാനപരമായ അന്തരീക്ഷത്തിൽ ആരാധനകൾ നിർവഹിക്കാനുള്ള എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പള്ളികളിൽ ഉറപ്പാക്കിയിട്ടുണ്ടെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
sdfdsg


