വോയ്‌സ് ഓഫ് ആലപ്പി വനിതാവിഭാഗം വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: വോയ്‌സ് ഓഫ് ആലപ്പി ലേഡീസ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു. കർസാക്കാനിലെ ഗ്ലോറിയ ഗാർഡനിൽ നടന്ന ക്യാമ്പിൽ നൂറിലധികം പേർ പങ്കെടുത്തു. രാത്രി എട്ടു മണിക്ക് ആരംഭിച്ച് പുലർച്ചെ രണ്ടു മണി വരെ നീണ്ടുനിന്ന ക്യാമ്പ് വൈവിധ്യമാർന്ന കലാപരിപാടികൾ കൊണ്ടും മത്സരങ്ങൾ കൊണ്ടും ശ്രദ്ധേയമായി.
കുട്ടികളുടെയും മുതിർന്നവരുടെയും വിവിധങ്ങളായ കലാപ്രകടനങ്ങൾ ക്യാമ്പിന് മാറ്റുകൂട്ടി. ഇതിനുപുറമെ, ലേഡീസ് വിങ്ങിന്റെ നേതൃത്വത്തിൽ എല്ലാവർക്കുമായി രസകരമായ മത്സരങ്ങളും ഒരുക്കിയിരുന്നു. പ്രവാസലോകത്തെ തിരക്കുകളിൽ നിന്ന് മാറി അംഗങ്ങൾക്ക് ഒത്തുചേരാനും സൗഹൃദം പുതുക്കാനുമുള്ള മികച്ച വേദിയായി ക്യാമ്പ് മാറി.
ലേഡീസ് വിങ് ചീഫ് കോർഡിനേറ്റർ രശ്മി അനൂപ്, കോർഡിനേറ്റർ ആശ സിബിൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ ആതിര ധനേഷ്, നിസ്സി ശരത്, ബാഹിറ അനസ്, വീണ വൈശാഖ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. വോയ്‌സ് ഓഫ് ആലപ്പിയുടെ കുടുംബാംഗങ്ങൾക്കിടയിൽ ഐക്യവും സന്തോഷവും പകരുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
dgsg


