യാത്ര ഇനി സുഗമം; ബഹ്‌റൈനും യു.എ.ഇയും തമ്മിൽ 'സിംഗിൾ ട്രാവൽ പോയിന്റ്' പദ്ധതിക്ക് തുടക്കമായി
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് യുണൈറ്റഡ് അറബ് എമിറേറ്റിലേക്കുള്ള (UAE) യാത്രകൾ കൂടുതൽ വേഗത്തിലാക്കുന്ന 'സിംഗിൾ ട്രാവൽ പോയിന്റ്' പദ്ധതിയുടെ ഒന്നാം ഘട്ടം ഔദ്യോഗികമായി ആരംഭിച്ചു. യാത്രക്കാർക്ക് ഇരു രാജ്യങ്ങളിലെയും എമിഗ്രേഷൻ നടപടികൾ ഒരൊറ്റ പോയിന്റിൽ ലളിതമായി പൂർത്തിയാക്കാൻ സഹായിക്കുന്ന വിപ്ലവകരമായ നീക്കമാണിത്. ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം ഡെപ്യൂട്ടി മിനിസ്റ്റർ ലഫ്റ്റനന്റ് ജനറൽ ആദിൽ ബിൻ ഖലീഫ അൽ ഫാദിൽ, യു.എ.ഇ ഫെഡറൽ അതോറിറ്റി ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സയീദ് അൽ ഖൈലി, ജി.സി.സി ജനറൽ സെക്രട്ടറി ജാസിം മുഹമ്മദ് അൽ ബുദൈവി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പദ്ധതിയുടെ ഉദ്ഘാടന ചടങ്ങ് നടന്നത്.
യാത്ര തിരിക്കുന്ന രാജ്യത്ത് വെച്ച് തന്നെ ലക്ഷ്യസ്ഥാനത്തേക്ക് ആവശ്യമായ യാത്രാ നടപടികൾ മുൻകൂട്ടി പൂർത്തിയാക്കാൻ ഈ പുതിയ സംവിധാനം സഹായിക്കും. ഇതുവഴി വിമാനത്താവളങ്ങളിലെ കാത്തിരിപ്പ് സമയം ഗണ്യമായി കുറയ്ക്കാനും യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാനും സാധിക്കും. അതിർത്തി കടന്നുള്ള യാത്രകൾ കൂടുതൽ സുതാര്യവും ലളിതവുമാക്കുക എന്നതാണ് ഈ നൂതന മോഡലിലൂടെ ലക്ഷ്യമിടുന്നത്. 2025 ഡിസംബറിലും 2026 ജനുവരിയിലുമായി ഇത്തിഹാദ് എയർവേയ്‌സ്, ഗൾഫ് എയർ വിമാനങ്ങളിൽ ഈ പദ്ധതിയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കിയിരുന്നു. ബഹ്‌റൈനിൽ നിന്നും അബുദാബിയിൽ നിന്നും യാത്ര ചെയ്ത ഇരുരാജ്യങ്ങളിലെയും പൗരന്മാരെ ഉൾപ്പെടുത്തിയായിരുന്നു ഈ പരീക്ഷണം നടത്തിയത്.
പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ബഹ്‌റൈൻ, യു.എ.ഇ പൗരന്മാർക്കാണ് ഈ സേവനം ലഭ്യമാകുക. എന്നാൽ വരും ഘട്ടങ്ങളിൽ ബഹ്‌റൈനിലെയും യു.എ.ഇയിലെയും താമസക്കാരായ പ്രവാസികളെയും മറ്റ് ജി.സി.സി പൗരന്മാരെയും ഈ പദ്ധതിയുടെ ഭാഗമാക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ജി.സി.സി രാജ്യങ്ങൾക്കിടയിൽ കൂടുതൽ ഏകീകൃതമായ യാത്രാ സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായാണ് ഈ നിർണ്ണായക നടപടി. യാത്രക്കാർക്ക് വലിയ ആശ്വാസം നൽകുന്ന ഈ പദ്ധതി വരും മാസങ്ങളിൽ കൂടുതൽ വിപുലീകരിക്കാനാണ് അധികൃതരുടെ തീരുമാനം.
sfsdf


