സ്വകാര്യ വിദ്യാഭ്യാസസ്ഥാപന പ്രവർത്തനനിയന്ത്രണ നിയമം; നാളെ ശൂറ കൗൺസിൽ ചർച്ച ചെയ്യും
പ്രദീപ് പുറവങ്കര/മനാമ
ബഹ്‌റൈനിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ ഗുണനിലവാരവും സുതാര്യതയും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ നിയന്ത്രണ നിയമം ശൂറ കൗൺസിൽ നാളെ ചർച്ച ചെയ്യും. 1998-ലെ നിയമത്തിന് പകരമായി കൊണ്ടുവരുന്ന ഈ ഭേദഗതി, രാജ്യത്തെ എൺപത്തിയൊന്ന് സ്വകാര്യ സ്കൂളുകളെയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ബാധിക്കും. പുതിയ നിയമപ്രകാരം സ്കൂളുകൾക്ക് ഇനി സ്വമേധയാ ട്യൂഷൻ ഫീസ് വർദ്ധിപ്പിക്കാൻ കഴിയില്ല; ഇതിന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി നിർബന്ധമാണ്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് ഒരു ലക്ഷം ദീനാർ വരെ പിഴയും, ലൈസൻസില്ലാതെ പ്രവർത്തിച്ചാൽ തടവുശിക്ഷയും ലഭിക്കാം. പാഠ്യപദ്ധതികൾ രാജ്യത്തിന്റെ സാംസ്കാരിക-മത മൂല്യങ്ങൾക്കും ദേശീയതയ്ക്കും അനുസൃതമായിരിക്കണമെന്ന് നിയമം നിഷ്കർഷിക്കുന്നു. ആറ് വയസ്സ് തികയുന്ന കുട്ടികൾക്ക് ഒന്നാം ക്ലാസ് പ്രവേശനത്തിൽ ഇളവുകൾ നൽകുന്നതിനൊപ്പം, സ്കൂളുകളുടെ പ്രവർത്തനം നിർത്തുകയാണെങ്കിൽ വിദ്യാർത്ഥികളുടെ പഠനം മുടങ്ങാത്ത രീതിയിലുള്ള പ്ലാൻ സമർപ്പിക്കേണ്ടതും നിർബന്ധമാണ്. ഡിജിറ്റൽ ലേണിംഗ് പ്ലാറ്റ്‌ഫോമുകൾ ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളും ഒരു വർഷത്തിനുള്ളിൽ പുതിയ ചട്ടങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്.
dedsdsa
