പ്രകൃതിയുടെ കൗതുകം; വടാട്ടുപാറയിൽ ആൽമരത്തിൽ 'ചക്ക' വിരിഞ്ഞു!
ഷീബ വിജയൻ
കോതമംഗലം: ആൽമരത്തിൽ ചക്ക കായ്ക്കുന്ന അത്യപൂർവ്വമായ ഒരു കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കുകയാണ് വടാട്ടുപാറ മീരാൻ സിറ്റി. ഇവിടുത്തെ വഴിയോരത്ത് തറ കെട്ടി സംരക്ഷിച്ചിരിക്കുന്ന കൂറ്റൻ ആൽമരത്തിലാണ് ഏവരെയും അമ്പരപ്പിച്ചു കൊണ്ട് ചക്കകൾ വിരിഞ്ഞു നിൽക്കുന്നത്.
പതിറ്റാണ്ടുകളുടെ പഴക്കമുള്ള ഒരു കൂട്ടുജീവിതത്തിന്റെ കഥയാണ് നാട്ടുകാർക്ക് ഈ കാഴ്ചയെക്കുറിച്ച് പറയാനുള്ളത്. ഏകദേശം 50 വർഷങ്ങൾക്ക് മുമ്പ് ഇവിടെ ആൽമരത്തോടൊപ്പം മാവും പ്ലാവും നട്ടിരുന്നു. കാലക്രമേണ മാവ് ഉണങ്ങിപ്പോയെങ്കിലും ആലും പ്ലാവും ഒന്നിച്ച് വളർന്നു. ആൽമരം വളർന്ന് പന്തലിച്ചതോടെ അതിന്റെ തടി പ്രബലമാവുകയും പ്ലാവിനെ പൂർണ്ണമായും ഉള്ളിലാക്കി മറയ്ക്കുകയും ചെയ്തു.
ഇന്ന് പുറത്തുനിന്ന് നോക്കുന്നവർക്ക് പ്ലാവിന്റെ ഒരു ഭാഗം പോലും കാണാൻ കഴിയില്ല. എന്നാൽ പ്ലാവിന്റെ ചില്ലകൾ ആൽമരത്തിനുള്ളിലൂടെ വളർന്ന് മുകളിലെത്തുകയും ആൽമരത്തിന്റെ മധ്യഭാഗത്തായി ചക്കകൾ കായ്ക്കുകയുമാണെന്നാണ് നാട്ടുകാർ പറയുന്നത് ചെയ്യുന്നത്. പ്രകൃതിയുടെ ഈ അത്ഭുതക്കാഴ്ച കാണാൻ നിരവധി ആളുകളാണ് ഇപ്പോൾ മീരാൻ സിറ്റിയിലേക്ക് എത്തുന്നത്.
dfsadfsfdesr
