'എന്നാ താൻ പോയി കേസ് കൊട്'; എം.വി. ഗോവിന്ദനെ വെല്ലുവിളിച്ച് വി. കുഞ്ഞിക്കൃഷ്ണൻ
ഷീബ വിജയൻ
പയ്യന്നൂരിലെ ധനരാജ് രക്തസാക്ഷി ഫണ്ട് വിവാദത്തിൽ സി.പി.എം നേതൃത്വത്തെ പ്രതിരോധത്തിലാക്കി വി. കുഞ്ഞിക്കൃഷ്ണൻ രംഗത്ത്. കുഞ്ഞിക്കൃഷ്ണൻ രചിച്ച 'നേതൃത്വത്തെ അണികൾ തിരുത്തണം' എന്ന പുസ്തകം ഇന്ന് വൈകുന്നേരം പ്രകാശനം ചെയ്യാനിരിക്കെയാണ് പാർട്ടി നേതൃത്വവും കുഞ്ഞിക്കൃഷ്ണനും തമ്മിലുള്ള വാക്പോര് മുറുകുന്നത്.
പുസ്തകത്തിൽ തെറ്റായ കണക്കുകളോ നേതാക്കളെക്കുറിച്ചുള്ള മോശം പരാമർശങ്ങളോ ഉണ്ടെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന എം.വി. ഗോവിന്ദന്റെ മുന്നറിയിപ്പിന്, "എന്നാ താൻ പോയി കേസ് കൊട്" എന്നായിരുന്നു കുഞ്ഞിക്കൃഷ്ണന്റെ മറുപടി. പാർട്ടിയുടെ കൈവശം കൃത്യമായ കണക്കുകളുണ്ടെങ്കിൽ പുസ്തക പ്രകാശനത്തിന് മുൻപ് അത് പുറത്തുവിടാൻ അദ്ദേഹം വെല്ലുവിളിച്ചു. എന്നാൽ കണക്കുകൾ പുറത്തുവിടാൻ സൗകര്യമില്ലെന്ന നിലപാടാണ് എം.വി. ഗോവിന്ദൻ സ്വീകരിച്ചത്.
താൻ പുറത്തുവിടുന്ന കണക്കുകൾ കൃത്യമായ രേഖകളുടെയും പഠനത്തിന്റെയും അടിസ്ഥാനത്തിലുള്ളതാണെന്ന് കുഞ്ഞിക്കൃഷ്ണൻ അവകാശപ്പെട്ടു. പുസ്തകം പുറത്തിറങ്ങിയ ശേഷം അതിനനുസരിച്ച് കൃത്രിമ കണക്കുകൾ ഉണ്ടാക്കാനാണ് പാർട്ടി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, കുഞ്ഞിക്കൃഷ്ണൻ ഉന്നയിക്കുന്ന വിഷയങ്ങൾ പാർട്ടിക്കുള്ളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. അദ്ദേഹത്തെ അനുകൂലിക്കുന്ന ഒരു വിഭാഗം നേതാക്കളും അണികളും ഈ വിഷയം പാർട്ടി വേദികളിൽ സജീവമാക്കാൻ തീരുമാനിച്ചതോടെ വിവാദം വരുംദിവസങ്ങളിലും തുടരുമെന്നുറപ്പായി. കുഞ്ഞിക്കൃഷ്ണനെ പിന്തുണയ്ക്കുന്നവർ പാർട്ടിയുടെ കർശന നിരീക്ഷണത്തിലാണ്.
xadsasdadsads


