കിടപ്പിലായ രോഗിയുടെ അക്കൗണ്ടിൽനിന്ന് 55 ലക്ഷം രൂപ തട്ടിയെടുത്തു; ബഹ്‌റൈനിൽ ഇന്ത്യൻ നഴ്‌സിനെതിരെ വിചാരണ


പ്രദീപ് പുറവങ്കര I ബഹ്റൈൻ:

താൻ പരിചരിച്ചിരുന്ന ഭിന്നശേഷിക്കാരനായ സ്വദേശി പൗരന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് 25,000 ദിനാറിലധികം (ഏകദേശം 55 ലക്ഷം രൂപ) മോഷ്ടിച്ച ഇന്ത്യൻ നഴ്‌സ് ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതിയിൽ വിചാരണ നേരിടുന്നു. രോഗിയുടെ ഫോൺ കൈക്കലാക്കി ഓൺലൈൻ ബാങ്കിംഗ് ആപ്ലിക്കേഷൻ വഴിയാണ് ഇവർ വൻ തുക തട്ടിയെടുത്തത്.

രോഗിയുടെ ശാരീരികാവസ്ഥയും ചലനപരിമിതിയും മുതലെടുത്താണ് പ്രതി തട്ടിപ്പ് നടത്തിയതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. രോഗിയുടെ ഫോണിലെ 'ബെനഫിറ്റ് പേ' (BenefitPay) ആപ്പ് വഴി സ്വന്തം അക്കൗണ്ടിലേക്ക് പലതവണകളായി പണം മാറ്റുകയായിരുന്നു. ഓരോ ഇടപാടിനും ആവശ്യമായ വൺ ടൈം പാസ്‌വേഡ് (OTP) ഇവർ അനധികൃതമായി കൈക്കലാക്കി. ഇത്തരത്തിൽ സ്വന്തം അക്കൗണ്ടിലെത്തിയ 25,750 ബഹ്‌റൈനി ദിനാർ ഇവർ ഇന്ത്യയിലേക്ക് അയച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ പിതാവിന്റെ അക്കൗണ്ടിൽനിന്ന് വലിയ തുകകൾ നഷ്ടപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ട മകൻ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. ബാങ്ക് രേഖകൾ പരിശോധിച്ചപ്പോൾ പണം നഴ്‌സിന്റെ അക്കൗണ്ടിലേക്കാണ് പോയതെന്ന് വ്യക്തമായി. വിവരം പുറത്തായതോടെ ഇവർ 3,500 ദിനാർ മാത്രം തിരികെ നൽകി. എന്നാൽ ബാക്കി തുക നൽകാൻ തയ്യാറാകാത്തതിനെ തുടർന്ന് മകൻ പോലീസിൽ പരാതി നൽകുകയായിരുന്നു.

രോഗിയുടെ അറിവോ സമ്മതമോ കൂടാതെ ഫോൺ എടുത്തതായും പണം മാറ്റിയതായും പ്രതി സമ്മതിച്ചതായി പ്രോസിക്യൂഷൻ അറിയിച്ചു. പണം കൈമാറാൻ ഉപയോഗിച്ച അവസാനത്തെ ഉപകരണം പ്രതിയുടേതാണെന്ന് സാങ്കേതിക പരിശോധനയിലൂടെ ബെനഫിറ്റ് പേ അധികൃതരും സ്ഥിരീകരിച്ചു. കേസിൽ പ്രതിഭാഗം വാദം കേൾക്കുന്നതിനായി കോടതി നടപടികൾ ഫെബ്രുവരി 10-ലേക്ക് മാറ്റി വെച്ചു.

article-image

szfd

You might also like

Most Viewed