ആവേശം വിതറി ബഹ്‌റൈനിൽ 'ഗർഗാവൂൺ' ആഘോഷങ്ങൾ
പ്രദീപ് പുറവങ്കര I ബഹ്റൈൻ:
ബഹ്‌റൈനിലെ ഗ്രാമവീഥികളിൽ ആവേശവും വർണ്ണാഭമായ കാഴ്ചകളും സമ്മാനിച്ച് ശഅ്ബാൻ രാത്രിയിൽ 'ഗർഗാവൂൺ' ആഘോഷങ്ങൾ നടന്നു. ഇമാം മുഹമ്മദ് ബിൻ ഹസ്സൻ അൽ അസ്കരിയുടെ (അൽ മഹ്ദി) ജന്മദിനത്തോടനുബന്ധിച്ചാണ് ശിയാ സമൂഹം വിശ്വാസപരമായ ചടങ്ങുകളും നാടൻ ആഘോഷങ്ങളും കോർത്തിണക്കി ഈ ദിനം ആഘോഷിച്ചത്. വർണ്ണവിളക്കുകളാൽ അലംകൃതമായ തെരുവുകളിൽ കുട്ടികളും മുതിർന്നവരും ഒരുപോലെ ആഘോഷങ്ങളിൽ പങ്കുചേർന്നു.
ബാർബർ, സിത്ര, അൽ-മാമീർ, നുവൈദ്രാത്ത്, ബനി ജംറ തുടങ്ങിയ പ്രദേശങ്ങളിൽ വിപുലമായ ആഘോഷങ്ങളാണ് സംഘടിപ്പിച്ചത്. പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞ കുട്ടികൾ പാട്ടുപാടി വീടുകൾ തോറും കയറിയിറങ്ങിയത് പൈതൃകത്തിന്റെ മനോഹരമായ കാഴ്ചയായി. ഇത്തരത്തിൽ എത്തുന്ന കുട്ടികൾക്ക് മുതിർന്നവർ മധുരപലഹാരങ്ങളും പണവും സമ്മാനങ്ങളും നൽകി. പലയിടങ്ങളിലും പൊതുജനങ്ങൾക്കായി സൗജന്യ ഭക്ഷണ വിതരണവും കുതിരസവാരി പോലുള്ള വിനോദ പരിപാടികളും ഒരുക്കിയിരുന്നു.
കുട്ടികൾ തെരുവുകളിൽ ആഘോഷങ്ങളിൽ മുഴുകിയപ്പോൾ, മുതിർന്നവർ പള്ളികളിലും മാതമുകളിലും പ്രത്യേക പ്രാർത്ഥനകളിലും മതപരമായ ചടങ്ങുകളിലും പങ്കെടുത്തു. ബഹ്‌റൈന് പുറമെ സൗദി അറേബ്യയിലെ അൽ-അഹ്സ, ഖത്തീഫ് തുടങ്ങിയ ഗൾഫ് മേഖലകളിലും സമാനമായ രീതിയിൽ ആഘോഷങ്ങൾ നടന്നു.
sfsf


