ബഹ്‌റൈൻ കർഷക ചന്ത ഒൻപത് ആഴ്ച പിന്നിടുന്നു; റെക്കോർഡ് ഉൽപ്പാദനവുമായി പ്രാദേശിക കർഷകർ
പ്രദീപ് പുറവങ്കര I ബഹ്റൈൻ:
ബുദയ്യ ബൊട്ടാണിക്കൽ ഗാർഡനിൽ നടന്നുവരുന്ന ബഹ്‌റൈൻ കർഷക ചന്ത ഒൻപത് ആഴ്ചകൾ പിന്നിടുമ്പോൾ ഉൽപ്പാദനത്തിലും വൈവിധ്യത്തിലും വൻ മുന്നേറ്റം. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വിപണിയിലെത്തുന്ന കാർഷിക ഉൽപ്പന്നങ്ങളുടെ അളവിലും ഇനങ്ങളിലും ശ്രദ്ധേയമായ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏകദേശം 104 വ്യത്യസ്ത ഇനം വിളകളാണ് ഇത്തവണ വിപണിയിൽ പ്രദർശിപ്പിച്ചത്.
വിപണിയിലെത്തിയ ഉൽപ്പന്നങ്ങളിൽ തക്കാളിയാണ് ഒന്നാം സ്ഥാനത്ത്. ആകെ 11,954 കിലോ തക്കാളിയാണ് കർഷകർ വിപണിയിൽ എത്തിച്ചത്. ഇതിനുപുറമെ 9,525 കിലോ റെഡ് ചെറി തക്കാളി, 8,524 കിലോ മത്തങ്ങ, 8,355 കിലോ വഴുതനങ്ങ, 7,424 കിലോ കോളിഫ്ലവർ, 6,194 കിലോ മക്കച്ചോളം എന്നിവയും വിപണിയിൽ വൻതോതിൽ വിറ്റഴിക്കപ്പെടുന്നു. വെള്ളരിക്ക, ബീറ്റ്റൂട്ട്, സായ്ഖൽ തക്കാളി തുടങ്ങിയ ഇനങ്ങളും സന്ദർശകരുടെ ശ്രദ്ധ ആകർഷിക്കുന്നുണ്ട്.
പ്രാദേശിക കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനും കർഷകരും ഉപഭോക്താക്കളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും കർഷക ചന്ത വലിയ പങ്കുവഹിക്കുന്നതായി മുനിസിപ്പാലിറ്റി കാര്യ-കാർഷിക മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷാ പദ്ധതികൾ നടപ്പിലാക്കുന്നതിൽ ഈ വിപണി നിർണ്ണായകമാണെന്നും നാഷണൽ ഇനിഷ്യേറ്റീവ് ഫോർ അഗ്രികൾച്ചറൽ ഡെവലപ്‌മെന്റുമായി (NIAD) സഹകരിച്ച് പ്രവർത്തനം നിരന്തരം വിലയിരുത്തുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
നവംബർ 29-ന് ആരംഭിച്ചത് മുതൽ സ്വദേശികളും വിദേശികളും സന്ദർശകരുമടക്കം ആയിരക്കണക്കിന് ആളുകളാണ് ബുദയ്യയിലേക്ക് ഒഴുകിയെത്തുന്നത്. കാർഷിക ഉൽപ്പന്നങ്ങൾക്ക് പുറമെ റെസ്റ്റോറന്റുകൾ, കഫേകൾ, കരകൗശല പ്രദർശനം, കുട്ടികൾക്കായുള്ള വിനോദ-വിദ്യാഭ്യാസ പരിപാടികൾ എന്നിവയും ചന്തയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് നേരിട്ടുള്ള വിപണി ഒരുക്കുന്നതിലൂടെ കർഷകരെ പ്രോത്സാഹിപ്പിക്കാനും കൃഷിയിൽ സ്വകാര്യ നിക്ഷേപം വർദ്ധിപ്പിക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുനിസിപ്പാലിറ്റി കാര്യ-കാർഷിക മന്ത്രി വേൽ അൽ മുബാറക് പറഞ്ഞു.
sdfdsg


