'മറാഈ 2025' അന്താരാഷ്ട്ര പ്രദർശനം ബഹ്റൈനിൽ ആരംഭിച്ചു
പ്രദീപ് പുറവങ്കര / മനാമ
മൃഗസ്നേഹികളുടെ പ്രിയപ്പെട്ട അന്താരാഷ്ട്ര പ്രദർശനമായ മറായി 2025ന്റെ എട്ടാമത് പതിപ്പ് ബഹ്റൈൻ ഇന്റർനാഷണൽ എൻഡ്യൂറൻസ് വില്ലേജിൽ ആരംഭിച്ചു. ബഹ്‌റൈൻ രാജാവ് ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. മുനിസിപ്പാലിറ്റി കാര്യ-കൃഷി മന്ത്രി വയൽ ബിൻ നാസർ അൽ മുബാറക് ഉൾപ്പെടെയുള്ളവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഈ വർഷത്തെ പ്രദർശനത്തിൽ, കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനും തീരദേശ സംരക്ഷണത്തിനും ജൈവവൈവിധ്യത്തെ പിന്തുണയ്ക്കുന്നതിലുമുള്ള പങ്ക് തിരിച്ചറിഞ്ഞുകൊണ്ട് കണ്ടൽ മരങ്ങൾക്കായി ഒരു പ്രത്യേക പവലിയൻ ആദ്യമായി ഒരുക്കിയിട്ടുണ്ടെന്ന് ഉദ്ഘാടനചടങ്ങിൽ മന്ത്രി അറിയിച്ചു.
രാജകീയ നിർദ്ദേശപ്രകാരം കാർഷികമേഖലയിൽ നടപ്പിലാക്കിയ പ്രധാന സർക്കാർ നടപടികളും മന്ത്രി വിശദീകരിച്ചു. പ്രാദേശിക ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി ഗവൺമെന്റ് ലാൻഡ് ഇൻവെസ്റ്റ്‌മെന്റ് പ്ലാറ്റ്‌ഫോം വഴി ബഹ്‌റൈൻ കർഷകർക്കും കന്നുകാലി വളർത്തുന്നവർക്കുമായി 1.2 ദശലക്ഷം ചതുരശ്ര മീറ്ററിലധികം ഭൂമി അനുവദിച്ചതും ഇതിൽ ഉൾപ്പെടുന്നു.
കാർഷിക സുസ്ഥിരത സംരക്ഷിക്കുന്നതിനുള്ള തന്ത്രപരമായ നടപടിയായി ഒരു സസ്യ ജനിതക വിഭവ ബാങ്ക് സ്ഥാപിക്കൽ, സൗദി അറേബ്യയിലെ ഈന്തപ്പഴത്തിനായുള്ള അന്താരാഷ്ട്ര കൗൺസിലുമായി സഹകരിച്ച് ഒരു അന്താരാഷ്ട്ര ഈന്തപ്പഴ നിരീക്ഷണ കേന്ദ്രം ആരംഭിക്കൽ എന്നിവയും നടന്നുകൊണ്ടിരിക്കുന്ന മറ്റ് ദേശീയ പദ്ധതികളിൽ ഉൾപ്പെടുന്നു.
ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി പരമ്പരാഗത കലാപ്രകടനങ്ങൾ, രാജ്യത്തുനിന്നും അസർബൈജാൻ റിപ്പബ്ലിക്കിൽ നിന്നുമുള്ള കുതിരയോട്ട പ്രദർശനങ്ങൾ, സാംസ്കാരിക പരിപാടികൾ എന്നിവയും അരങ്ങേറി. ഇതോടൊപ്പം പ്രദർശനത്തിന്റെ വിജയത്തിനായി സംഭാവന നൽകിയ റോയൽ ഗാർഡ്, പങ്കെടുത്ത കമ്പനികൾ, പ്രാദേശിക പങ്കാളികൾ എന്നിവർക്കുള്ള അവാർഡുകളും നൽകി.
sgdg
