സമസ്ത 100ആം വാർഷിക പ്രചാരണ സമ്മേളനം ബഹ്‌റൈനിൽ ഡിസംബർ 5-ന്; ജിഫ്‌രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും
പ്രദീപ് പുറവങ്കര / മനാമ
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ചരിത്രപ്രധാനമായ നൂറാം വാർഷികത്തിന് മുന്നോടിയായുള്ള ബഹ്‌റൈൻ പ്രചാരണ സമ്മേളനം 2025 നാളെ സൽമാനിയയിലെ കെ. സിറ്റി ഹാളിൽ നടക്കും. സമസ്തയുടെ ബഹ്‌റൈൻ ഘടകം സംഘടിപ്പിക്കുന്ന സമ്മേളനം വൈകുന്നേരം 4 മണിക്ക് പതാക ഉയർത്തലോടെ ആരംഭിക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്യും. വൈകീട്ട് 4 PM മുതൽ 11 PM വരെ നീണ്ടുനിൽക്കുന്ന പരിപാടിയിൽ പ്രതിനിധി ക്യാമ്പ്, പൊതുസമ്മേളനം എന്നിവ നടക്കും.
സമസ്ത ബഹ്‌റൈൻ പ്രസിഡൻ്റ് സയ്യിദ് ഫഖ്‌റുദ്ദീൻ തങ്ങളുടെ അധ്യക്ഷതയിലായിരിക്കും ഉദ്ഘാടനച്ചടങ്ങ്. ബഹ്‌റൈൻ പാർലമെൻ്റ് ഡെപ്യൂട്ടി സ്പീക്കർ അഹമദ് അബ്ദുൽ വാഹിദ് കറാത്ത, ഖാളി അഹമദ് അൽ ദോസരി ഉൾപ്പെടെയുള്ള നിരവധി ബഹ്‌റൈൻ സ്വദേശി പ്രമുഖർ മുഖ്യാതിഥികളായി പങ്കെടുക്കും. യുവ പണ്ഡിതനും പ്രഭാഷകനുമായ സ്വലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ മുഖ്യ പ്രഭാഷണം നടത്തും.
1926 മുതൽ കേരളീയ മുസ്‌ലിം സമൂഹത്തിന് വിദ്യാഭ്യാസ, സാംസ്‌കാരിക, സാമൂഹ്യ രംഗങ്ങളിൽ ആധികാരിക നേതൃത്വം നൽകി വരുന്ന സമസ്ത, "ആദർശ വിശുദ്ധി: നൂറ്റാണ്ടുകളിലൂടെ" എന്ന പ്രമേയത്തിലാണ് നൂറാം വാർഷിക അന്താരാഷ്ട്ര സമ്മേളനം 2026 ഫെബ്രുവരി 4 മുതൽ 8 വരെ കാസർഗോഡ് - കുണിയ വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിൽ വെച്ച് നടത്തുന്നത്. 11,000-ലധികം മദ്‌റസകളും നിരവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സമസ്തക്ക് കീഴിൽ പ്രവർത്തിക്കുന്നുണ്ട്. നൂറാം വാർഷികത്തിൻ്റെ ഭാഗമായി സമൂഹ ഉന്നമനത്തിനായി പ്രഖ്യാപിക്കുന്ന 15-ലധികം നാനോന്മുഖ പദ്ധതികൾക്കായി 'തഹിയ്യ:' എന്ന പേരിൽ ധനസമാഹരണം നടന്നു വരുന്നു. ഇന്ത്യക്കകത്തും പുറത്തും നടന്ന പ്രചാരണ സമ്മേളനങ്ങളുടെ തുടർച്ചയായാണ് ബഹ്‌റൈനിലെ പരിപാടി നടക്കുന്നത്. കുടുംബങ്ങൾക്ക് പങ്കെടുക്കാൻ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ള സമ്മേളനത്തിൽ ഏകദേശം രണ്ടായിരത്തോളം ആളുകൾ എത്തുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
സമസ്ത ബഹ്റൈൻ പ്രസിഡണ്ട് സഈദ് ഫക്രുദ്ദീൻ തങ്ങൾ, വർക്കിങ്ങ് പ്രസിഡണ്ട് വി കെ കുഞ്ഞഹമദ് ഹാജി, ജനറൽ സെക്രട്ടറി എസ് എം അബ്ദുൽ വാഹിദ്, വൈസ് പ്രസിഡണ്ട് ശറഫുദ്ദീൻ മൗലവി, കോർഡിനേറ്റർ അഷ്റഫ് അൻവരി, മനാമ ഏരിയ വൈസ് പ്രസിഡണ്ട് ശൈഖ് അബ്ദുൽ റസാഖ് എന്നിവർ ഇത് സംബന്ധിച്ച് വിളിച്ച് ചേർത്ത വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
