വിദേശ നിയമനത്തിന് നിയന്ത്രണം: സർക്കാർ ജോലികളിൽ സ്വദേശികൾക്ക് മുൻഗണന നൽകാനുള്ള ബില്ലിന് ബഹ്റൈൻ പാർലമെന്റ് അംഗീകാരം
പ്രദീപ് പുറവങ്കര / മനാമ:
ബഹ്‌റൈനിലെ സർക്കാർ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും വിദേശികളെ നിയമിക്കുന്നതിന് കർശനമായ പരിമിതികൾ ഏർപ്പെടുത്താനുള്ള ബില്ലിന് പാർലമെന്റ് അംഗീകാരം നൽകി. സിവിൽ സർവീസ് നിയമത്തിലെ ആർട്ടിക്കിൾ 11 ഭേദഗതി ചെയ്യാനുള്ള ഈ ബിൽ രാജ്യത്തെ തൊഴിൽ രംഗത്ത് നിർണ്ണായകമാകും. ഇതനുസരിച്ച് വിവിധ സർക്കാർ വകുപ്പുകളിലും മറ്റു സർക്കാർ സ്ഥാപനങ്ങളിലും ആവശ്യത്തിന് ബഹ്‌റൈനികൾ ഇല്ലാത്ത സാഹചര്യത്തിൽ മാത്രമേ ഇനി വിദേശികളെ നിയമിക്കാൻ സാധിക്കൂ. ഇങ്ങനെ നിയമിക്കപ്പെടുന്ന വിദേശികൾക്ക് കുറഞ്ഞത് ബിരുദാനന്തര ബിരുദം അല്ലെങ്കിൽ തത്തുല്യമായ മറ്റു വിദ്യാഭ്യാസ യോഗ്യതയും പത്ത് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും നിർബന്ധമായിരിക്കും.
കൂടാതെ, പൊതുമേഖലാ സ്ഥാപനങ്ങളിൽ നിയമിക്കുന്ന വിദേശികളുടെ കരാർ കാലാവധി രണ്ട് വർഷമായി പരിമിതപ്പെടുത്തും. ഈ കാലാവധി കഴിഞ്ഞാൽ, ഈ തസ്തികയിലേക്ക് ബഹ്‌റൈനി ഉദ്യോഗാർത്ഥി ഇല്ലെന്ന് സ്ഥിരീകരിക്കപ്പെട്ടാൽ മാത്രമേ വീണ്ടും രണ്ടു വർഷത്തേക്ക് കൂടി കരാർ പുതുക്കാൻ അനുവാദമുണ്ടാകൂ. ഏറ്റവും പ്രധാനമായി, വിദേശ തൊഴിലാളിയുടെ കരാർ കാലയളവിൽ തൽസ്ഥാനം ഏറ്റെടുക്കുന്നതിനായി ഒരു ബഹ്‌റൈനിക്ക് പരിശീലനം നൽകണമെന്ന വ്യവസ്ഥയും ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ യുവജനങ്ങൾക്ക് മികച്ച തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. പാർലമെന്റ് അംഗീകരിച്ച ഈ ബിൽ കൂടുതൽ നിയമപരമായ വിലയിരുത്തലിനായി ശൂറ കൗൺസിലിന്റെ പരിഗണനയ്ക്കായി അയച്ചിരിക്കുകയാണ്.
adsdsaasddsf
