'സ്നേഹ പ്രവാചകരുടെ ഒന്നര സഹസ്രാബ്ദം': സമസ്ത ബഹ്റൈൻ മീലാദ് കാമ്പയിൻ സമാപിച്ചു

പ്രദീപ് പുറവങ്കര
മനാമ l ‘സ്നേഹ പ്രവാചകരുടെ (സ്വ) ഒന്നര സഹസ്രാബ്ദം’ എന്ന പ്രമേയത്തിൽ സമസ്ത ബഹ്റൈൻ മനാമ ഏരിയ മർക്കസ് ഇർശാദുൽ മുസ്‌ലിമീൻ കമ്മിറ്റിയുടെ കീഴിൽ ഒന്നര മാസമായി നടന്നുവന്ന മീലാദ് കാമ്പയിൻ 2025ന്റെയും ഇലൽ ഹബീബ് (സ്വ)-റബീഅ് ഫെസ്റ്റ് 2025ന്റെയും സമാപനം മനാമ പാകിസ്താൻ ക്ലബ് ഗ്രൗണ്ടിലെ വിപുലമായ സദസ്സിൽ നടന്നു.
വർണശബളമായ നബിദിന റാലിയോടെയാണ് സമാപനസംഗമം ആരംഭിച്ചത്. തുടർന്ന് സമസ്ത ബഹ്റൈൻ പ്രസിഡന്റ് ഫക്റുദ്ദീൻ പൂക്കോയ തങ്ങൾ പതാക ഉയർത്തി സംഗമത്തിന് ഔദ്യോഗിക തുടക്കം കുറിച്ചു. പൊതുസമ്മേളനം ബഹ്റൈൻ പാർലമെൻറ് ഡെപ്യൂട്ടി സ്പീക്കർ അഹമ്മദ് അബ്ദുൽ വാഹിദ് അൽ കറാത്ത ഉദ്ഘാടനം ചെയ്തു. ബഹ്റൈൻ പാർലിമെന്റ് എം.പി മുഹമ്മദ് ഹുസൈൻ ജനാഹി, ക്യാപിറ്റൽ കമ്യുണിറ്റി സെന്റർ അഡ്‌വൈസറി കമ്മിറ്റി മെംബർമാരായ താരീഖ് ഫഹദ് അൽ വത്തൻ, ജാസിം സപ്ത്, അഹ്‌മദ് ഇബ്രാഹിം അൽ ശൈഖ്, ഉസാമ ഇസ്മാഈൽ നുഹാം തുടങ്ങിയ അറബി പ്രമുഖരും സമസ്ത ബഹ്റൈൻ കേന്ദ്ര-ഏരിയ കമ്മിറ്റി ഭാരവാഹികളും പ്രവർത്തകരും ബഹ്റൈനിലെ സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും സംഗമത്തിൽ പങ്കെടുത്തു.
2026 ഫെബ്രുവരിയിൽ കാസർകോട് കുനിയയിൽ നടക്കുന്ന സമസ്ത കേരള ജംഇയ്യതുൽ ഉലമ നൂറാം വാർഷിക പ്രചാരണ സംഗമവേദി കൂടിയായി മീലാദ് സമാപനസംഗമം മാറി. നൂറാം വാർഷിക സമ്മേളന പ്രതിനിധി സംഗമത്തിൽ പങ്കെടുക്കുന്ന 33,313 പ്രതിനിധികളുടെ ബഹ്റൈൻ തല രജിസ്ട്രേഷന് ചടങ്ങിൽ തുടക്കം കുറിച്ചു. സിറാജ് പുളിയാവ്, സമസ്ത ബഹ്റൈൻ വർക്കിങ് പ്രസിഡന്റ് വി.കെ. കുഞ്ഞഹമ്മദ് ഹാജിക്ക് രജിസ്ട്രേഷൻ രേഖകൾ കൈമാറി ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോർഡ് 2025 പൊതുപരീക്ഷയിൽ ബഹ്റൈൻ റേഞ്ചിൽ ടോപ്പ് പ്ലസ് നേടിയ റിസ ഫാത്തിമ എന്ന വിദ്യാർഥിനിയെ ചടങ്ങിൽ ഗോൾഡ് മെഡൽ നൽകി ആദരിച്ചു.
asdasd
asdfads