സീറോ-മലങ്കര സംഗമം 'സുകൃതം 2025' ബഹ്‌റൈനിൽ സമാപിച്ചു; ആത്മീയ നിറവിൽ വിശ്വാസികൾ

പ്രദീപ് പുറവങ്കര
മനാമ: സീറോ-മലങ്കര സംഗമം 'സുകൃതം 2025' ബഹ്‌റൈനിൽ സമാപിച്ചു; ആത്മീയ നിറവിൽ വിശ്വാസികൾസഭയുടെ അറേബ്യൻ റീജിയൺ റീജിയണൽ കൂട്ടായ്മയുടെ 95-ാമത് സംഗമമായ 'സുകൃതം 2025' വിവിധ പരിപാടികൾക്ക് ശേഷം ബഹ്‌റൈനിൽ സമാപിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന ആത്മീയ-സാംസ്കാരിക സംഗമത്തിൽ അഞ്ചു ജി.സി.സി. രാജ്യങ്ങളിൽനിന്നുള്ള 200-ൽ അധികം പ്രതിനിധികളും ബഹ്‌റൈനിൽനിന്നുള്ള 1,200-ൽ അധികം വിശ്വാസികളും പങ്കെടുത്തു.
അവാലിയിലെ കത്തീഡ്രൽ ഓഫ് ഔർ ലേഡി ഓഫ് അറേബ്യയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ സിറോ-മലങ്കര കത്തോലിക്കാ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ, വടക്കൻ അറേബ്യയുടെ അപ്പസ്തോലിക് വികാരി ബിഷപ്പ് ആൽഡോ ബെറാർഡി എന്നിവർ സന്നിഹിതരായിരുന്നു. കർദ്ദിനാൾ ക്ലീമിസ് ബാവ പതാക ഉയർത്തിയതോടെ ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് യു.എ.ഇ. പ്രതിനിധികളിൽനിന്ന് ബിഷപ്പ് ആൽഡോ ബെറാർഡി സ്വീകരിച്ച സുകൃതം 2025 വിളക്ക് തെളിച്ചു. റവ. ഡോ. ജോൺ തുണ്ടിയത്ത് കോ-എപ്പിസ്കോപ്പാ കാതോലിക്കേറ്റ് പതാകയും റവ. ഫാ. ജേക്കബ് കല്ലുവില പാപ്പൽ പതാകയും ഏറ്റുവാങ്ങി.
ആദ്യ ദിനം വിവിധ ജി.സി.സി. രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പരിചയപ്പെടൽ സെഷനുകളിൽ പങ്കെടുത്തു. തുടർന്ന് കർദ്ദിനാൾ ക്ലീമിസ് ബാവയുമായി കൂടിക്കാഴ്ചയും വൈകുന്നേരം പ്രാർത്ഥനാ ശുശ്രൂഷയും നടന്നു.
രണ്ടാം ദിവസമായ വെള്ളിയാഴ്ച്ച കാരിത്താസ് ഇന്ത്യ അസിസ്റ്റന്റ് ഡയറക്ടർ റവ. ഫാ. സെബാസ്റ്റ്യൻ എടയത്ത് നയിച്ച ക്രിയാത്മകമായ വർക്ക്‌ഷോപ്പോടെയാണ് ആരംഭിച്ചത്. കമ്മ്യൂണിറ്റി ബിൽഡിംഗ് ആൻഡ് സർവ്വീസ് എന്ന വിഷയത്തിലൂന്നിയ സെഷൻ ഗ്രൂപ്പ് ചർച്ചകളോടെ സമാപിച്ചു. ഉച്ചയ്ക്കുശേഷം കർദ്ദിനാൾ ക്ലീമിസിനും ബിഷപ്പ് ആൽഡോ ബെറാർഡിക്കും ആചാരപരമായ സ്വീകരണം നൽകി. തുടർന്ന് ബിഷപ്പ് ബെറാർഡിയുടെ സാന്നിധ്യത്തിൽ കർദ്ദിനാൾ ക്ലീമിസ് ബാവയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബ്ബാന അർപ്പിച്ചു. പങ്കെടുത്ത ഇടവകകളിൽനിന്നുള്ള വൈദികർ സഹകാർമ്മികരായിരുന്നു. ഈ ചടങ്ങിൽ പുതുതായി പരിശീലനം ലഭിച്ച പന്ത്രണ്ട് അൾത്താര ശുശ്രൂഷകർക്ക് കർദ്ദിനാൾ ക്ലീമിസ് ബാവ ആശീർവാദം നൽകുകയും പതിമൂന്ന് കുട്ടികൾ ബാവയിൽനിന്ന് ആദ്യ കുർബ്ബാന സ്വീകരിക്കുകയും ചെയ്തു.
വെള്ളിയാഴ്ച്ച വൈകുന്നേരം നടന്ന പൊതുസമ്മേളനത്തിൽ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ അധ്യക്ഷത വഹിച്ചു. ബിഷപ്പ് ആൽഡോ ബെറാർഡി അനുഗ്രഹ പ്രഭാഷണവും ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് മുഖ്യ പ്രഭാഷണവും നടത്തി. ബഹ്‌റൈൻ പാർലമെന്റ് അംഗം ഡോ. ഹസൻ ഈദ് ബോഖമ്മാസ്, വിവിധ ക്രൈസ്തവ സഭാ പ്രതിനിധികൾ, സാമൂഹ്യ നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സംഗമത്തിന്റെ സ്മരണാർത്ഥം കർദ്ദിനാൾ ക്ലീമിസ് ബാവ സ്മരണിക പ്രകാശനം ചെയ്യുകയും ആദ്യപ്രതി ബിഷപ്പ് ആൽഡോ ബെറാർഡിക്ക് നൽകുകയും ചെയ്തു.
ചടങ്ങിൽ ജി.സി.സി. മേഖലയിൽ കമ്മ്യൂണിറ്റി സേവനം, വിദ്യാഭ്യാസം, യുവജന ശാക്തീകരണം, സാംസ്കാരിക പ്രോത്സാഹനം, സാമൂഹ്യ ഇടപെടലുകൾ എന്നിവയിൽ മികച്ച സംഭാവനകൾ നൽകിയ വ്യക്തികൾക്ക് സ്മാർട്ട് എക്‌സലൻസ് അവാർഡുകൾ സമ്മാനിച്ചു.
ഡോ. വർഗ്ഗീസ് കുര്യൻ (ബഹ്‌റൈൻ), ഡോ. ഷിബു സക്കറിയ (യു.എ.ഇ.), റോയ് പൂച്ചേരിൽ (ബഹ്‌റൈൻ) എന്നിവരാണ് അവാർഡുകൾക്ക് അർഹരായത്. ഇതോടൊപ്പം ബിനു തോമസ് 'അറേബ്യൻ മലങ്കര ഐക്കൺ അവാർഡും', ബാബുരാജൻ കെ.ജി. 'കാത്തലിക് റെക്കഗ്നിഷൻ ഓഫ് ഫ്രണ്ട്ഷിപ്പ് അവാർഡും', ഫ്രാൻസിസ് കൈതാരത്ത് പ്രത്യേക ഉപഹാരവും ഏറ്റുവാങ്ങി.
സമാപന പ്രസംഗത്തിൽ, അടുത്ത സുകൃതം സംഗമം 2028-ൽ ഖത്തറിൽ വെച്ച് നടക്കുമെന്ന് കർദ്ദിനാൾ ക്ലീമിസ് ബാവ പ്രഖ്യാപിച്ചു. തുടർന്ന് റവ. ഫാ. മൈക്കിൾ വടക്കേവീട്ടിലിനും ഖത്തറിലെ കമ്മ്യൂണിറ്റി പ്രതിനിധികൾക്കും അദ്ദേഹം കാതോലിക്കേറ്റ് പതാക കൈമാറി.
വിവിധ ജി.സി.സി. രാജ്യങ്ങളിൽ നിന്നുള്ള പങ്കെടുത്തവർ അവതരിപ്പിച്ച വർണ്ണാഭമായ സാംസ്കാരിക പരിപാടികളോടെ രണ്ടു ദിവസത്തെ സംഗമം സമാപിച്ചു.
aa