ബികാസ് ദീപാവലി ആഘോഷം ഒക്ടോബർ 10-ന്

പ്രദീപ് പുറവങ്കര
മനാമ l ബഹ്റൈൻ ഇന്ത്യ കൾച്ചറൽ ആർട്‌സ് സർവീസസ് അഥവാ ബികാസിന്റെ നേതൃത്വത്തിൽ കോൺവെക്സ് മീഡിയയുമായി സഹകരിച്ച് ദീപാവലി ആഘോഷം സംഘടിപ്പിക്കുന്നു. ഒക്ടോബർ 10-ന് സൽമാബാദിലെ ഗൾഫ് എയർ ക്ലബ്ബിൽ വെച്ചാണ് ഒരു ദിവസം മുഴവൻ നീണ്ടുനിൽക്കുന്ന പരിപാടി നടക്കുന്നത്. ദീപാവലി പാരമ്പര്യത്തിന്റെ ഭാഗമായുള്ള രംഗോലി മത്സരത്തോടെയാണ് ആഘോഷപരിപാടികൾ ആരംഭിക്കുന്നത്.
രാവിലെ 9 മണി മുതൽ 12 മണിവരെ നടക്കുന്ന മത്സരത്തിൽ രണ്ട് മുതൽ നാല് പേർ വരെയുള്ളവരുടെ ടീമുകൾക്കാണ് പങ്കെടുക്കാൻ സാധിക്കുക. ഇതിനായുള്ള റെജിസ്ട്രേഷൻ സൗജന്യമാണെന്നും, മത്സരത്തിനായുള്ള സാധനങ്ങൾ മത്സരാർത്ഥികൾ കൊണ്ടുവരേണ്ടതാണെന്നും ബികാസ് ഭാരവാഹികൾ പറഞ്ഞു.
വൈകീട്ട് 5 മണി മുതൽ രാത്രി 10 മണി വരെ നിരവധി നൃത്ത സംഗീത പരിപാടികളും അരങ്ങേറും. ഇതുമായി ബന്ധപ്പെട്ടുള്ള പൊതുസമ്മേളനം ഇന്ത്യൻ സ്ഥാനപതി വിനോദ് കെ ജേക്കബ് ഉദ്ഘാടനം ചെയ്യും. ഇതിന് ശേഷം പ്രശസ്ത ഡി.ജെ. നിർമ്മൽ നയിക്കുന്ന ദാണ്ഡിയ നൈറ്റും നടക്കും. സൗജന്യ എൻട്രിയുള്ള ദാണ്ഡിയ നൈറ്റിലേയ്ക്ക് 1500 ഓളം പേരെയാണ് പ്രതീക്ഷിക്കുന്നത്.
പരിപാടിയെ കുറിച്ച് വിശദീകരിക്കാനായി വിളിച്ച് ചേർത്ത വാർത്തസമ്മേളനത്തിൽ ബികാസ് പ്രസിഡണ്ട് ഭഗവാൻ അസർപോട്ട, രവിശങ്കർ, മാധുരി പ്രകാശ് ദേവ്ജി, കോൺവെക്സ് മീഡിയ എംഡി അജിത്ത് നായർ, രംഗോലി കൺവീനർ സോണിയ ശ്രീകുമാർ, രാമചന്ദ്ര ശേഖർ, സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.
ssfgdsg
dsdf