സെയിൻ ബഹ്‌റൈനുമായി സഹകരിച്ച് ഇന്ത്യൻ സ്‌കൂൾ 4 ലക്ഷം ദിനാർ സ്മാർട്ട് ക്ലാസ്റൂം പദ്ധതി നടപ്പാക്കുന്നു


പ്രദീപ് പുറവങ്കര

മനാമ: സെയിൻ ബഹ്‌റൈനുമായി സഹകരിച്ച് ഇന്ത്യൻ സ്കൂൾ തങ്ങളുടെ ഇസാ ടൗൺ, റിഫ കാമ്പസുകളിലായി 400,000 ദിനാർ ചെലവിൽ സ്മാർട്ട് ക്ലാസ്റൂം പദ്ധതി നടപ്പാക്കുന്നു. ഏകദേശം 12,000 വിദ്യാർത്ഥികൾക്ക് ഗുണകരമാകുന്ന ഈ പദ്ധതിയിലൂടെ, എല്ലാ ക്ലാസ് മുറികളിലും, ലൈബ്രറികളിലും, ലബോറട്ടറികളിലും ഇന്ററാക്ടീവ് ഡിജിറ്റൽ സ്മാർട്ട്ബോർഡുകളും അത്യാധുനിക സിസിടിവി ശൃംഖലയും സ്ഥാപിക്കും. പദ്ധതിയുടെ ഭാഗമായി, സെയിൻ ബിസിനസ് ഏറ്റവും പുതിയ ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻസ് ടെക്നോളജി (ഐസിടി)യും, എക്സ്ട്രാ-ലോ വോൾട്ടേജ് (ഇഎൽവി) സൊല്യൂഷനുകളും, ആവശ്യമായ സോഫ്റ്റ്‌വെയർ ലൈസൻസുകളും ലഭ്യമാക്കും.

ഇത് സംബന്ധിച്ച കരാറിൽ സൈൻ ബഹ്‌റൈൻ ചീഫ് കമ്മ്യൂണിക്കേഷൻസ് & ഇൻവെസ്റ്റർ റിലേഷൻസ് ഓഫീസർ ഷെയ്ഖ് അബ്ദുള്ള ഖാലിദ് അൽ-ഖലീഫയും, ഇന്ത്യൻ സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസും ഒപ്പുവെച്ചു. സ്കൂൾ സെക്രട്ടറി വി. രാജപാണ്ട്യൻ, വൈസ് ചെയർമാൻ ഡോ. മുഹമ്മദ് ഫൈസൽ, പ്രോജക്ട്സ് ആൻഡ് മെയിന്റനൻസ് അംഗം മിഥുൻ മോഹൻ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ, വൈസ് പ്രിൻസിപ്പൽമാരായ ജി. സതീഷ്, പ്രിയ ലാജി എന്നിവരും സന്നിഹിതരായിരുന്നു.

article-image

പദ്ധതിയുടെ വിശദാംശങ്ങൾ

സ്കൂളിന്റെ രണ്ട് കാമ്പസുകളിലുമായി 350 ക്ലാസ് മുറികളിൽ ആധുനിക ഡിജിറ്റൽ സ്മാർട്ട്ബോർഡുകൾ സ്ഥാപിക്കും. ഇത് പഠനാനുഭവങ്ങളെ കൂടുതൽ ആകർഷകവും സംവേദനാത്മകവുമാക്കും. ഈ ഡിജിറ്റൽ പാനലുകൾ, സങ്കീർണ്ണമായ വിഷയങ്ങൾ ലളിതമായി അവതരിപ്പിക്കാനും, വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.

ഇസാ ടൗൺ കാമ്പസിലെ 225 ക്ലാസ് മുറികളിലും, റിഫ കാമ്പസിലെ 125 ക്ലാസ് മുറികളിലുമായി ഈ പാനലുകൾ സ്ഥാപിക്കും. ഓരോ ക്ലാസ് മുറിയിലും UHD റെസല്യൂഷനും, ആൻഡ്രോയിഡ് 14.0 ഓപ്പറേറ്റിംഗ് സിസ്റ്റവുമുള്ള HIKVISION 86 ഇഞ്ച് 4K ഇന്ററാക്ടീവ് ഡിസ്‌പ്ലേ ഉണ്ടായിരിക്കും. ഇതിന് 40-പോയിന്റ് ടച്ച് ശേഷിയുണ്ട്. സ്മാർട്ട് മോഷൻ ഡിറ്റക്ഷൻ, ഡ്യുവൽ ലൈറ്റ് നൈറ്റ് വിഷൻ, ശക്തമായ കാലാവസ്ഥ പ്രതിരോധശേഷി എന്നിവയുള്ള ക്യാമറകളും ഓരോ ക്ലാസ് മുറിയിലും സ്ഥാപിക്കും.

ഡിജിറ്റലായി ശാക്തീകരിക്കപ്പെട്ട ഒരു പഠന അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള സ്കൂളിന്റെ ഒരു സുപ്രധാന ചുവടുവെപ്പാണ് സെയിനുമായുള്ള ഈ പങ്കാളിത്തമെന്ന് സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ് പറഞ്ഞു. വിദ്യാർത്ഥികൾക്ക് ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം നൽകാനും ഭാവിയിലേക്ക് അവരെ സജ്ജമാക്കാനും സ്കൂൾ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പദ്ധതിക്ക് ജൂൺ 13 ന് നടന്ന അസാധാരണ ജനറൽ ബോഡി യോഗത്തിൽ ഔദ്യോഗിക അംഗീകാരം ലഭിച്ചിരുന്നു.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed