ഈദുൽ വതൻ': ബഹ്‌റൈൻ ദേശീയ ദിനം വിപുലമായി ആഘോഷിക്കാൻ കെ.എം.സി.സി.; 200 പേരുടെ രക്തദാനത്തോടെ തുടക്കം
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈൻ രാജ്യത്തിന്റെ 54-ാമത് ദേശീയ ദിനം ഈദുൽ വതൻ എന്ന പേരിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കാൻ കെ.എം.സി.സി. ബഹ്‌റൈൻ ഒരുങ്ങുന്നു. ദേശീയ ദിനമായ നാളെ രാവിലെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കമാകുന്നത്. മലബാർ ഗോൾഡിന്റെ സഹകരണത്തോടെ സൽമാനിയ മെഡിക്കൽ സെന്ററിൽ 200 പേരുടെ രക്തദാനം നിർവഹിച്ചു കൊണ്ടാണ് തുടക്കം കുറിക്കുന്നത്. കെ.എം.സി.സി. നടത്തുന്ന 42-ാമത് രക്തദാന ക്യാമ്പ് രാവിലെ 7 മണിക്ക് ആരംഭിച്ച് ഉച്ചയ്ക്ക് ഒരു മണി വരെ നീളും.
നാളെ രാത്രി 8 മണിക്ക് കെ.എം.സി.സി. ഓഡിറ്റോറിയത്തിൽ കലാ സാംസ്കാരിക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ബഹ്‌റൈനിലെ വിദ്യാർഥികളുടെ ബഹ്‌റൈൻ ദേശീയ ഗാനാലാപനം, അറബിക് ഡാൻസ്, ഒപ്പന, ദഫ്മുട്ട് തുടങ്ങിയ കലാപ്രകടനങ്ങൾ അരങ്ങേറും.
തുടർന്ന്, ഡിസംബർ 18-ന് രാത്രി 8 മണിക്ക് കെ.എം.സി.സി.യുടെ സാംസ്കാരിക വിഭാഗമായ 'ഒലീവ് സാംസ്കാരിക വേദി' കെ.എം.സി.സി. ഓഡിറ്റോറിയത്തിൽ 'സ്പീച്ച് ഓഫ് സെലിബ്രേഷൻ' സംഘടിപ്പിക്കും. 'ഹൃദയാന്തരങ്ങളിലെ ബഹ്‌റൈൻ' എന്ന അനുഭവം പകരുന്ന പ്രസംഗ പരിപാടിയാണിത്. ബഹ്‌റൈൻ പാർലമെന്റ് അംഗങ്ങൾ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ, കെ.എം.സി.സി. സംസ്ഥാന ഭാരവാഹികൾ എന്നിവർ ഇതിൽ പങ്കെടുക്കും. സമാപന സമ്മേളനത്തോടെ ആഘോഷങ്ങൾക്ക് തിരശ്ശീല വീഴും.
പരിപാടിയിലേക്ക് ബഹ്‌റൈനിലെ മലയാളി സമൂഹത്തെ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 34599814 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ഇത് സംബന്ധിച്ച് വിളിച്ച് ചേർത്ത വാർത്തസമ്മേളനത്തിൽ കെ.എം.സി.സി. ബഹ്‌റൈൻ ആക്റ്റിങ് പ്രസിഡൻ്റ് എ.പി. ഫൈസൽ, ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര, വൈസ് പ്രസിഡൻ്റുമാരായ റഫീഖ് തോട്ടക്കര, സലീം തളങ്കര, സെക്രട്ടറി അഷ്‌റഫ് കാട്ടിൽ പീടിക, ഹെൽത് വിങ് കൺവീനർ ഉമ്മർ മലപ്പുറം, മീഡിയ കൺവീനർമാരായ പി.കെ. ഇസ്ഹാഖ്, ആഷിക് തോടന്നൂർ, സിദ്ധിക്ക് അദ്‌ലിയ, മലബാർ ഗോൾഡ് റീജനൽ മാർക്കറ്റിങ് ഹംദാൻ കാസർകോട് എന്നിവർ പങ്കെടുത്തു.
assadsad
