മോഹൻലാലിനെതിരെ ഭാഗ്യലക്ഷ്മി; 'ഒരു നിമിഷം ചിന്തിക്കാൻ പോലും തയാറാകാതെയാണ് അദ്ദേഹം അത് ചെയ്തത്'
ഷീബ വിജയ൯
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ വിധി വന്ന ദിവസം തന്നെ ദിലീപിൻ്റെ അടുത്ത സിനിമയുടെ പോസ്റ്റർ റിലീസ് ചെയ്തതിൽ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി നടൻ മോഹൻലാലിനെ വിമർശിച്ചു. എന്താണ് ചെയ്യുന്നതെന്ന് ഒരു നിമിഷം ചിന്തിക്കാൻ പോലും തയാറാകാതെയാണ് മോഹൻലാൽ പോസ്റ്റർ റിലീസ് ചെയ്തതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. ദിലീപിൻ്റെ വില്ലനിസം തീർന്നിട്ടില്ലെന്നും കോടതി വിധിയിലൂടെ എന്തും ചെയ്യാനുള്ള ധൈര്യം അയാൾക്ക് കിട്ടിയെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു. വന്ന വിധിയോടെ അതിജീവിത തളർന്നെന്ന് വിചാരിക്കേണ്ടെന്നും നിയമത്തിൻ്റെ ഏതറ്റം വരെയും പോകാൻ അവൾ തയാറെടുത്തുകഴിഞ്ഞുവെന്നും അവർ വ്യക്തമാക്കി.
"വിധി വരുന്ന ദിവസം തന്നെ മോഹൻലാൽ ആ പോസ്റ്റർ റിലീസ് ചെയ്യുകയാണ്. എന്താണ് ചെയ്യുന്നതെന്ന് ഒരു നിമിഷം ചിന്തിക്കാൻ പോലും അദ്ദേഹം തയാറാകുന്നില്ല. അവനു വേണ്ടിയും അവൾക്കു വേണ്ടിയും പ്രാർഥിക്കുന്നു എന്ന് പറയുന്നതും നമ്മൾ കേട്ടു. ഇനിയും അദ്ദേഹത്തിൻ്റെ വില്ലനിസം തീർന്നിട്ടില്ല. ആ വിധിയിലൂടെ ഇനിയും ഇത് ചെയ്യാമെന്ന ധൈര്യം അദ്ദേഹത്തിന് കിട്ടി. അത് എങ്ങനെ കിട്ടിയെന്നും എന്താണ് അയാളുടെ ധൈര്യമെന്നും എല്ലാവർക്കുമറിയാം. സാമാന്യ രീതിയിൽ സത്യം വിജയിച്ചെന്നോ കോടതിയിൽ നിരപരാധിത്വം തെളിഞ്ഞെന്നോ പറയുന്നതിനു പകരം കോടതിയിൽനിന്ന് ഇറങ്ങിയതിനു പിന്നാലെ മറ്റൊരു പെണ്ണിൻ്റെ പേരാണ് പറയുന്നത്." ഭാഗ്യലക്ഷ്മി പറഞ്ഞു.
അടുത്ത അടി മുന്നോട്ടുവെക്കാനുള്ള തയാറെടുപ്പിലാണ് അതിജീവിത. വന്ന വിധിയോടെ അവൾ തളർന്നെന്ന് വിചാരിക്കുന്നവരുണ്ട്. എന്നാൽ അത് വെറുതെയാണ്. നിയമത്തിൻ്റെ ഏതറ്റം വരെയും പോകാൻ അവൾ തയാറെടുത്തുകഴിഞ്ഞു. നീതി ലഭിക്കുമെന്ന പ്രതീക്ഷയോടെ തന്നെയാണ് മേൽക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചിരിക്കുന്നതെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു.
ERWDFD
