ബഹ്റൈനിൽ 1.13 ലക്ഷം ദിനാർ വിലമതിക്കുന്ന ലഹരിമരുന്ന് പിടിച്ചെടുത്തു; 19 പേർ അറസ്റ്റിൽ

പ്രദീപ് പുറവങ്കര
മനാമ: ഏകദേശം 16 കിലോഗ്രാം വരുന്ന ലഹരിമരുന്ന് കൈവശം വെച്ചതിന് 19 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിന് ഏകദേശം 1,13,000 ദിനാറിന് മുകളിൽ വിലവരുമെന്ന് അധികൃതർ അറിയിച്ചു. സമൂഹത്തെ ലഹരിയുടെ വിപത്തിൽ നിന്ന് രക്ഷിക്കുന്നതിനായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് എവിഡൻസ് ജനറൽ ഡയറക്ടറേറ്റിലെ ആന്റി-നാർക്കോട്ടിക്സ് വിഭാഗം നടത്തിയ സുരക്ഷാ പരിശോധനകളിലാണ് ഈ വലിയ ലഹരിമരുന്ന് വേട്ട നടന്നത്.
എയർ ഫ്രൈറ്റ് കമ്പനിയുമായി സഹകരിച്ച് നടത്തിയ പരിശോധനയിൽ വിവിധ രാജ്യക്കാരായ 19 പേരെയാണ് കസ്റ്റംസ് വിഭാഗം പിടികൂടിയത്. ഇവരിൽ നിന്ന് ഏകദേശം 16 കിലോ ഭാരമുള്ള ലഹരിവസ്തുക്കളാണ് കണ്ടെത്തിയത്.
ലഹരിമരുന്ന് കൈമാറാൻ ശ്രമിക്കുന്നതിനെക്കുറിച്ച് വിവരം ലഭിച്ച ഉടൻതന്നെ അന്വേഷണ സംഘം വിശദമായ പരിശോധനകളും അന്വേഷണങ്ങളും നടത്തുകയും, പ്രതികളെ തിരിച്ചറിയാൻ സഹായിക്കുന്ന വിവരങ്ങളും തെളിവുകളും ശേഖരിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ ഇവരെ കൈയോടെ പിടികൂടുകയായിരുന്നു. പിടിച്ചെടുത്ത ലഹരിവസ്തുക്കൾ തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ആൻഡ് എവിഡൻസ് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു.
ലഹരിമരുന്ന് ഉപയോഗത്തിനെതിരെയുള്ള ബോധവൽക്കരണം സമൂഹത്തിൽ സജീവമാക്കേണ്ടതിന്റെ പ്രാധാന്യവും അധികൃതർ ചൂണ്ടിക്കാട്ടി. വിവിധ സ്ഥാപനങ്ങളുമായി ചേർന്ന് ലഹരിക്കെതിരായ ബോധവൽക്കരണ ക്ലാസ്സുകളും പ്രദർശനങ്ങളും സംഘടിപ്പിക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു. ലഹരിമരുന്ന് കടത്തുമായോ വിതരണവുമായോ ബന്ധപ്പെട്ട എന്തെങ്കിലും വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ 996 എന്ന ഹോട്ട്‌ലൈൻ നമ്പറിലോ 996@interior.gov.bh എന്ന ഇമെയിൽ വഴിയോ 24 മണിക്കൂറും വിവരമറിയിക്കാവുന്നതാണ്. വിവരം നൽകുന്നവരുടെ വിവരങ്ങൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
aa