ബഹ്‌റൈൻ 54-ാമത് ദേശീയ ദിനാഘോഷത്തിൻ്റെ നിറവിൽ
പ്രദീപ് പുറവങ്കര
മനാമ: 54-ാമത് ദേശീയ ദിനാഘോഷത്തിൻ്റെയും ഹമദ് രാജാവ് അധികാരമേറ്റതിൻ്റെ വാർഷികത്തിൻ്റെയും നിറവിലാണ് ബഹ്റൈൻ. പ്രധാന കെട്ടിടങ്ങളും റോഡുകളും ദേശീയ പതാകയുടെ ചുവപ്പും വെള്ളയും കലർന്ന വർണങ്ങൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.
ഹമദ് രാജാവിൻ്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെയും ചിത്രങ്ങളും പതാകകളും പാതയോരങ്ങളിൽ സ്ഥാപിച്ചിരിക്കുന്നു. രാജ്യത്തിൻ്റെ സാംസ്കാരിക പാരമ്പര്യം വിളിച്ചോതുന്ന 'സെലിബ്രേറ്റ് ബഹ്‌റൈൻ', 'മുഹറഖ് നൈറ്റ്‌സ്' തുടങ്ങിയ പരിപാടികളും പുരോഗമിക്കുകയാണ്. ദേശീയ ദിനാചരണം പ്രമാണിച്ച് നാളെയും മറ്റന്നാളുമാണ് രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ആഘോഷപരിപാടികളിൽ സ്വദേശികളെപ്പോലെ പ്രവാസി സമൂഹവും സജീവമായി പങ്കുചേരുന്നുണ്ട്. രക്തദാന ക്യാമ്പുകൾ, ശുചീകരണം, സാമൂഹിക സേവനം തുടങ്ങിയ വിവിധ പരിപാടികളാണ് പ്രവാസി സംഘടനകൾ ഒരുക്കിയിരിക്കുന്നത്.
നാളെ സാഖിർ പാലസിൽ നടക്കുന്ന ദേശീയ ദിനാഘോഷ ചടങ്ങിൽ ഹമദ് രാജാവ് പങ്കെടുക്കും. കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും സന്നിഹിതനാകും. ആചാരപരമായ ചടങ്ങുകൾക്കുശേഷം ഹമദ് രാജാവ് മുഖ്യ പ്രഭാഷണം നടത്തും. രാജ്യത്തിൻ്റെ പുരോഗതിക്ക് മികച്ച സംഭാവനകൾ നൽകിയവർക്ക് രാജാവ് മെഡലുകൾ സമ്മാനിക്കും. രാജകുടുംബാംഗങ്ങളും വിവിധ രാജ്യങ്ങളിലെ അംബാസഡർമാരും പങ്കെടുക്കും. ഇതോടപ്പം രാജ്യത്തിൻ്റെ വിവിധ ഇടങ്ങളിൽ കരിമരുന്ന് പ്രകടനങ്ങൾ നടക്കും. സാഖിറിലെ ബഹ്‌റൈൻ ഇൻ്റർനാഷനൽ സർക്യൂട്ടിൽ വൈകീട്ട് ഏഴു മുതൽക്കാണ് വർണാഭമായ കരിമരുന്ന് പ്രയോഗം നടക്കുന്നത്.
