വ്യാജ തൊഴിൽ കരാറുകൾ ഉണ്ടാക്കി 230,000 ദിനാർ തട്ടിയെടുത്ത കേസിൽ പത്ത് ബഹ്‌റൈൻ പൗരന്മാർക്ക് തടവ് ശിക്ഷ


പ്രദീപ് പുറവങ്കര

മനാമ l സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷനെയും തംകീൻ ലേബർ ഫണ്ടിനെയും കബളിപ്പിച്ച് 230,000 ബഹ്‌റൈൻ ദിനാർ തട്ടിയെടുത്ത കേസിൽ പത്ത് ബഹ്‌റൈൻ പൗരന്മാർക്ക് തടവ് ശിക്ഷ വിധിച്ചു. ഇതിൽ നാല് പേർ സഹോദരങ്ങളാണ്.

വ്യാജ തൊഴിൽ കരാറുകൾ ഉണ്ടാക്കി എസ്.ഐ.ഒയിൽ നിന്ന് 90,000 ദിനാറും, തംകീനിൽ നിന്ന് 140,000 ദിനാറുമാണ് ഇവർ തട്ടിയെടുത്തത്. തട്ടിപ്പിന് നേതൃത്വം നൽകിയ സഹോദരന്മാരായ കമ്പനി ഉടമകൾക്ക് ഹൈ ക്രിമിനൽ കോടതി 10 വർഷം തടവും ഒരു ലക്ഷം ദിനാർ വീതം പിഴയും വിധിച്ചു.

ഇവരെ സഹായിച്ച മറ്റു എട്ട് പ്രതികൾക്ക് ഒരു വർഷം തടവും 500 ദിനാർ വീതം പിഴയുമുണ്ട്. വ്യാജ രേഖകൾ സമർപ്പിച്ച് സാമൂഹിക ഇൻഷുറൻസ് ആനുകൂല്യങ്ങൾ നേടാൻ ശ്രമിച്ചതിന് എട്ട് വാണിജ്യ രജിസ്ട്രേഷനുകളും, അവയ്ക്ക് കീഴിലുള്ള 33 കമ്പനികളും ഈ തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുണ്ട്.പത്ത് പ്രതികളിൽ മൂന്ന് പുരുഷന്മാരും ഏഴ് സ്ത്രീകളുമുണ്ട്.

You might also like

Most Viewed