ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവ്

പ്രദീപ് പുറവങ്കര
മനാമ l ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കഴിഞ്ഞ വർഷം 93 ലക്ഷത്തിലധികം യാത്രക്കാർ യാത്ര ചെയ്തതായി റിപ്പോർട്ട്. 2024ലെ സിവിൽ ഏവിയേഷൻ വാർഷിക സ്ഥിതിവിവരക്കണക്ക് റിപ്പോർട്ട് പ്രകാരമാണ് ഈ കണക്ക് പുറത്ത് വിട്ടത്. ബഹ്റൈനിലെ ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടനുസരിച്ച്, കഴിഞ്ഞ ദശാബ്ദത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ ശരാശരി 13 ശതമാനം വർധനവുണ്ടായിട്ടുണ്ട്.
പുതിയ റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ വർഷം ആകെ 93,50,580 യാത്രക്കാർ വിമാനത്താവളം വഴി യാത്ര ചെയ്തു. 2023നെ അപേക്ഷിച്ച് 7 ശതമാനത്തിൻറെ വർധനവാണ് 2024ൽ ഉണ്ടായിരിക്കുന്നത്. യാത്ര ചെയ്തവരിൽ 47,19,438 പേർ ബഹ്‌റൈനിലെത്തിയവരും, 46,11,135 പേർ പുറത്തേക്ക് യാത്ര ചെയ്തവരും, 20,007 പേർ വിമാനത്താവളം വഴി ട്രാൻസിറ്റ് ചെയ്തവരുമാണ്.
2023ൽ 93,648 വിമാനങ്ങൾ സർവീസ് നടത്തിയപ്പോൾ 2024ൽ അത് 101,534 ആയി ഉയർന്നു. ബഹ്റൈനിൽ നിന്നും ദുബൈയിലേയ്ക്കാണ് ഏറ്റവുമധികം പേർ യാത്ര ചെയ്തിട്ടുള്ളത്. 11,26,037 യാത്രക്കാരാണ് 2024ൽ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് യാത്ര ചെയ്തത്. ഗൾഫ് എയർ ആണ് ഏറ്റവും കൂടുതൽ യാത്രക്കാരെ വഹിച്ച വിമാനക്കമ്പനി. 61, 44,465 യാത്രക്കാരാണ് ഗൾഫ് എയർ ഈ കാലയളവിൽ തെരഞ്ഞെടുത്തത്. ഫ്ലൈദുബൈ, എയർ അറേബ്യ, ഖത്തർ എയർവേയ്‌സ്, എമിറേറ്റ്സ് എന്നിവയാണ് യഥാക്രമം പിന്നിലുള്ളത്.
യാത്രക്കാരുടെ എണ്ണത്തിൽ ഫ്ലൈനാസ് 809 ശതമാനം വളർച്ച രേഖപ്പെടുത്തിയപ്പോൾ എയർ ഇന്ത്യയുടെ യാത്രക്കാരുടെ എണ്ണത്തിൽ 72 ശതമാനത്തിൻറെ കുറവാണ് രേഖപ്പെടുത്തിയത്.
fvdxd