അശ്രദ്ധ കാരണം സംഭവിക്കുന്ന മരണങ്ങൾക്കും പരിക്കുകൾക്കും ബഹ്റൈനിൽ ഇനി കടുത്ത ശിക്ഷ

പ്രദീപ് പുറവങ്കര
മനാമ l അശ്രദ്ധ കാരണം സംഭവിക്കുന്ന മരണങ്ങൾക്കും പരിക്കുകൾക്കും കടുത്ത ശിക്ഷ ഉറപ്പാക്കി ബഹ്‌റൈൻ ക്രിമിനൽ നിയമത്തിൽ ഭേദഗതി നടപ്പിൽ വന്നു. പ്രധാനമന്ത്രിയുടെ നിർദേശത്തെയും മന്ത്രിസഭയുടെ അംഗീകാരത്തെയും തുടർന്നാണ് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഭേദഗതി വരുത്തിയ ആർട്ടിക്കിൾ 342 അനുസരിച്ച്, ഒരാളുടെ അശ്രദ്ധ കാരണം മറ്റൊരാളുടെ മരണത്തിന് കാരണമായാൽ തടവോ പിഴയോ ചുമത്താം.
സാധാരണ ശിക്ഷ രണ്ട് മുതൽ അഞ്ച് വർഷം വരെ തടവോ 2,000 മുതൽ 6,000 ദിനാർ വരെ പിഴയോ ആയിരിക്കും. തൊഴിൽപരമായ അശ്രദ്ധ, ലഹരി ഉപയോഗം, അല്ലെങ്കിൽ അപകടത്തിൽപ്പെട്ടയാളെ സഹായിക്കാതിരിക്കുക തുടങ്ങിയ സാഹചര്യങ്ങളിൽ ശിക്ഷ കൂടുതൽ കർശനമാക്കും. ഒന്നിലധികം മരണങ്ങൾ സംഭവിച്ചാൽ തടവ് ഏഴ് വർഷം വരെയും പിഴ 10,000 ദിനാർ വരെയും ഉയർത്താം. കൂടുതൽ ഗുരുതരമായ സാഹചര്യങ്ങളിൽ ശിക്ഷ 10 വർഷം വരെയാകാം.
നിയമപ്രകാരമുള്ള കേസുകൾ ഹൈ ക്രിമിനൽ കോടതിയാണ് പരിഗണിക്കുക. ഇതിനായുള്ള അപ്പീലുകൾ സുപ്രീം ക്രിമിനൽ കോർട്ട് ഓഫ് അപ്പീലിൽ സമർപ്പിക്കാവുന്നതാണ്.
qdd