ഓൺലൈൻ വഴി കുട്ടികളെ ചൂഷണം ചെയ്യുന്നത് വർധിക്കുന്നതായി ബഹ്റൈൻ അധികൃതർ

പ്രദീപ് പുറവങ്കര
മനാമ l രാജ്യത്ത് ഓൺലൈൻ വഴി കുട്ടികളെ ചൂഷണം ചെയ്യുന്നത് വർധിക്കുന്നതായി ബഹ്റൈൻ അധികൃതർ. ഈ വർഷം പകുതിവരെയുള്ള കണക്കുകൾ പ്രകാരം 17 കുട്ടികളാണ് ഇത്തരത്തിൽ ഓൺലൈൻ ഉപദ്രവത്തിനും ബ്ലാക്ക്മെയിലിനും ഇരയായായിരിക്കുന്നത്. ഇതിൽ 14 കേസുകൾ ഇപ്പോഴും അന്വേഷണത്തിലാണ്. പ്രതികളെ കണ്ടെത്താൻ കഴിയാത്തതിനാൽ രണ്ട് കേസുകൾ താൽക്കാലികമായി അവസാനിപ്പിച്ചതായും, ഒരു കേസ് ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്തതായും ഫാമിലി ആൻഡ് ചൈൽഡ് പ്രോസിക്യൂഷൻ അധികൃതർ വ്യക്തമാക്കി.
ഇത്തരം ചൂഷണങ്ങളിൽ നിന്ന് ഭാവി തലമുറയെ സംരക്ഷിക്കാൻ സമൂഹവും കുടുംബങ്ങളും ഒരുമിച്ച് പ്രവർത്തിക്കണമെന്നും ഇവർ അറിയിച്ചു. ഓൺലൈൻ ഗെയിമുകളാണ് സൈബർ അപകടസാധ്യത വർധിപ്പിക്കുന്ന പ്രധാന ഘടകം. 10നും 15നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് ഏറ്റവും കൂടുതൽ ഇതിൽ ഇരകളാകുന്നത്.
കുടുംബാംഗങ്ങൾ ഒരുമിച്ചിരിക്കുന്ന സ്ഥലങ്ങളിൽ മാത്രം ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കാൻ കുട്ടികളെ അനുവദിക്കുക, കിടപ്പുമുറികളിൽ ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുക, ഇന്‍റർനെറ്റ് ഉപയോഗിക്കുന്ന സമയം നിയന്ത്രിക്കുക, കുട്ടികളിൽ എന്തെങ്കിലും പെട്ടെന്നുള്ള ശാരീരികമോ മാനസികമോ ആയ മാറ്റങ്ങളുണ്ടായാൽ ശ്രദ്ധിക്കുക തുടങ്ങിയ കാര്യങ്ങൾ ഓൺലൈൻ ചൂഷണത്തിൽ നിന്ന് രക്ഷിക്കാൻ സഹായിക്കുമെന്ന് വിദഗ്ദ്ധർ നിർദേശിക്കുന്നു.
sdfdsf