ബഹ്റൈനിൽ 14,000 കിലോഗ്രാമിലധികം പഴകിയതും കേടായതുമായ ഭക്ഷ്യോൽപ്പന്നങ്ങൾ നശിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ l പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും വാണിജ്യ തട്ടിപ്പുകൾ തടയുന്നതിനുമുള്ള അധികൃതരുടെ വ്യാപക പരിശോധനകളിൽ കണ്ടെത്തിയ 14,000 കിലോഗ്രാമിലധികം പഴകിയതും കേടായതുമായ ഭക്ഷ്യോൽപ്പന്നങ്ങൾ ബഹ്റൈനിൽ നശിപ്പിച്ചു. വ്യവസായ വാണിജ്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, മറ്റ് ബന്ധപ്പെട്ട അധികാരികൾ എന്നിവർ സംയുക്തമായാണ് ഈ നടപടി പൂർത്തിയാക്കിയത്. മൂന്ന് വർഷം വരെ പഴക്കമുള്ള ഉൽപ്പന്നങ്ങൾ വരെ നശിപ്പിച്ചവയിൽ ഉൾപ്പെടുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് പിടിക്കപ്പെട്ട കമ്പനികൾക്ക് ആറു മാസത്തേക്ക് അടച്ചുപൂട്ടാൻ നോട്ടീസ് നൽകിയിട്ടുണ്ട്. കോടതിവിധിക്ക് പിന്നാലെയാണ് ഈ നടപടി.

കുറ്റക്കാർക്ക് കനത്ത പിഴയോടൊപ്പം തടവുശിക്ഷയും അനുഭവിക്കേണ്ടി വരും. വിദേശികളാണെങ്കിൽ ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം അവരെ നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. അസ്കറിലെ മാലിന്യസംസ്കരണ കേന്ദ്രത്തിലാണ് പിടിച്ചെടുത്ത പഴകിയ ഭക്ഷ്യവസ്തുക്കൾ സംസ്കരിച്ചത്. ഒരാഴ്ച നീണ്ട ഈ നശിപ്പിക്കൽ നടപടിയിൽ 21 ട്രക്കുകളിലായി ഫ്രോസൺ ഇറച്ചി, കോഴിയിറച്ചി, നട്‌സ്, മധുരപലഹാരങ്ങൾ, മറ്റ് ഉൽപ്പന്നങ്ങൾ എന്നിവയുണ്ടായിരുന്നു.

കൂടാതെ, ഉൽപ്പന്നങ്ങളിൽ വ്യാജമായി കാലാവധി രേഖപ്പെടുത്തുന്നതിന് ഉപയോഗിച്ച ഉപകരണങ്ങളും ഭക്ഷ്യവസ്തുക്കൾക്കൊപ്പം പിടിച്ചെടുത്ത് നശിപ്പിച്ചു. ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വിപണിയിലെ തട്ടിപ്പുകൾ തടയുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഈ നടപടിയെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

article-image

efsdf

You might also like

  • Straight Forward

Most Viewed