തൊഴിലാളികൾക്കായി വേനൽക്കാല ബോധവൽക്കരണ കാമ്പയിൻ സംഘടിപ്പിച്ചു

പ്രദീപ് പുറവങ്കര
മനാമ l ബഹ്‌റൈൻ തൊഴിൽ മന്ത്രാലയം, ഐ.സി.ആർ.എഫ് ബഹ്‌റൈൻ, ഇന്ത്യൻ ക്ലബ് എന്നിവയുമായി സഹകരിച്ച് തൊഴിലാളികൾക്കായി ഒരു വിപുലമായ വേനൽക്കാല ബോധവൽക്കരണ കാമ്പയിൻ സംഘടിപ്പിച്ചു. ഇന്ത്യൻ ക്ലബ്ബിൽ നടന്ന പരിപാടിയിൽ വിവിധ ലേബർ ക്യാമ്പുകളിൽ നിന്നായി 425-ലധികം തൊഴിലാളികൾ പങ്കെടുത്തു.
തൊഴിൽ മന്ത്രാലയ ഉദ്യോഗസ്ഥരായ ഇൻസ്പെക്ഷൻ ആൻഡ് ഒക്യുപേഷൻ സേഫ്റ്റി ഡയറക്ടർ എഞ്ചിനീയർ മുസ്തഫ ഷെയ്ഖ്, വർക്കേഴ്‌സ്, റെസിഡൻസ് ഇൻസ്പെക്ഷൻ മേധാവി എഞ്ചിനീയർ ഹുസൈൻ അൽ ഹുസൈനി, ഐഒഎം ഉദ്യോഗസ്ഥർ മിസ് ഇഹ്മ ഷരീഫ്, ഇമിഗ്രേഷൻ ആൻഡ് ബോർഡർ ഗവൺമെന്റ് യൂണിറ്റ് മേധാവി കരീം ഹെലാൽ, എൽഎംആർഎ ഉദ്യോഗസ്ഥൻ പാർട്ണർഷിപ്പ് ആന്റ് ഔട്ട്റീച്ച് ഡയറക്ടർ ഫഹദ് അൽ ബിനാലി, കൂടാതെ ഇന്ത്യൻ, നേപ്പാൾ, ബംഗ്ലാദേശ്, ഫിലിപ്പീൻസ് എംബസികളിലെ ഉദ്യോഗസ്ഥരും പരിപാടിയിൽ സന്നിഹിതരായിരുന്നു.
പരിപാടിയുടെ ഭാഗമായി വിവിധ ആശുപത്രികളിൽ നിന്നുള്ള ഡോക്ടർമാരും പാരാമെഡിക്കുകളും തൊഴിലാളികൾക്ക് സൗജന്യ മെഡിക്കൽ സ്ക്രീനിംഗും കൺസൾട്ടേഷനും നൽകി. നേത്രരോഗവിദഗ്ദ്ധനായ ഡോ. ഹസ്സൻ ഇബ്രാഹിം നേത്ര പരിശോധനയും നടത്തി. ഡോ. പി. വി. ചെറിയാൻ്റെ നേതൃത്വത്തിലുള്ള കാൻസർ കെയർ ഗ്രൂപ്പും ബോധവൽക്കരണ പരിപാടിയിൽ പങ്കെടുത്തു. ഐസിആർഎഫ് ജോയിന്റ് സെക്രട്ടറി ജവാദ് പാഷ സ്വാഗതം പറഞ്ഞ പരിപാടി കെ.എം. തോമസ് നയിച്ച ചിരി യോഗയോടു കൂടിയാണ് ആരംഭിച്ചത്.
വേനൽക്കാലത്ത് സ്വീകരിക്കേണ്ട ആരോഗ്യ സുരക്ഷാ മുൻകരുതലുകളെക്കുറിച്ച് ഐസിആർഎഫ് അഡ്വൈസർ ഡോക്ടർ ബാബു രാമചന്ദ്രനും, തൊഴിൽ നിയമങ്ങളെയും ചട്ടങ്ങളെയും കുറിച്ചുള്ള അവബോധത്തെക്കുറിച്ചും സേവനാവസാന ക്ലെയിമുകളിലെ മാറ്റങ്ങളെക്കുറിച്ചും ഐസിആർഎഫ് ചെയർമാൻ അഡ്വ. വി.കെ. തോമസും സംസാരിച്ചു. ഗീത് മഹ്മൂദിന്റെ ഹിന്ദി ഗാനങ്ങളും തൊഴിലാളികളുടെ നൃത്തങ്ങളും സദസ്സിനെ ആകർഷിച്ചു.
ംു്േു