ബഹ്റൈന്റെ ഗൾഫ് എയർ, യുഎസ് വിമാന നിർമ്മാണ കമ്പനിയായ ബോയിംഗുമായി 4.6 ബില്യൺ ഡോളറിന്റെ കരാർ ഒപ്പിട്ടു

പ്രദീപ് പുറവങ്കര
മനാമ l ബഹ്‌റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ, അമേരിക്കയിലെ പ്രമുഖ വിമാന നിർമ്മാണ കമ്പനിയായ ബോയിംഗുമായി 4.6 ബില്യൺ ഡോളറിൻ്റെ ചരിത്രപരമായ കരാർ ഒപ്പിട്ടു. 18 ബോയിംഗ് 787 ഡ്രീംലൈനർ വിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാറിലാണ് ഇരുവരും ധാരണയിലെത്തിയത്.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ യു.എസ്. സന്ദർശനവേളയിലാണ് ഈ സുപ്രധാന കരാർ ഒപ്പിട്ടത്. ഗൾഫ് എയറിൻ്റെ വിമാനങ്ങൾ ആധുനികവൽക്കരിക്കുന്നതിനും റൂട്ട് ശൃംഖല വികസിപ്പിക്കുന്നതിനുമുള്ള എയർലൈനിൻ്റെ ദീർഘകാല ശ്രമങ്ങൾക്ക് ഈ കരാർ കരുത്ത് പകരും. ഇത് ഗൾഫ് എയറിൻ്റെ പ്രവർത്തനക്ഷമതയും സുസ്ഥിരതയും വർദ്ധിപ്പിക്കുകയും യാത്രക്കാരുടെ യാത്രാനുഭവം മെച്ചപ്പെടുത്തുകയും ചെയ്യും.
യു.എസ്. വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക്കിൻ്റെയും ബഹ്‌റൈൻ ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രിയും മുംതലകത്ത് ഹോൾഡിംഗ് കമ്പനി ബോർഡ് ചെയർമാനുമായ ഷെയ്ഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫയുടെയും സാന്നിധ്യത്തിൽ, ഗൾഫ് എയർ ഗ്രൂപ്പ് ചെയർമാൻ ഖാലിദ് താഖിയും ബോയിംഗ് കൊമേഴ്‌സ്യൽ എയർപ്ലെയിൻസ് പ്രസിഡൻ്റും സി.ഇ.ഒയുമായ സ്റ്റെഫാനി പോപ്പും ചേർന്നാണ് ഈ കരാറിൽ ഒപ്പുവെച്ചത്.
എയ്‌റോസ്‌പേസിൽ നിന്ന് 36 വിമാന എഞ്ചിനുകൾക്കായും മറ്റൊരു കരാറൊപ്പിട്ടിട്ടുണ്ട്. ബഹ്‌റൈനിൽ വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾ, ഓവർഹോൾ പ്രവർത്തനങ്ങൾ എന്നിവ പ്രാദേശികവൽക്കരിക്കുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി ഗൾഫ് എയറും ബോയിംഗും മറ്റൊരു ധാരണാപത്രത്തിലും ഒപ്പുവെച്ചു. വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ആദിൽ ഫഖ്റു, ബഹ്‌റൈൻ്റെ യു.എസിലെ അംബാസഡർ ഷെയ്ഖ് അബ്ദുല്ല ബിൻ റാഷിദ് ആൽ ഖലീഫ, മുംതലകത്ത് ചീഫ് എക്സിക്യൂട്ടീവ് ഷെയ്ഖ് അബ്ദുല്ല ബിൻ ഖലീഫ ആൽ ഖലീഫ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
േോ്ോ്