മോഷ്ടിക്കപ്പെട്ട എട്ട് കോടി രൂപയുടെ സ്വർണം 22 വർഷങ്ങൾക്ക് ശേഷം ഉടമയ്‌ക്ക് തിരികെ കിട്ടി


ഇരുപത്തിരണ്ട് വർഷമായി കാണാതായ സ്വർണം ഉടമസ്ഥന് തിരിച്ചുകിട്ടി. ഏദേശം എട്ട് കോടി രൂപയുടെ സ്വർണമാണ് ഉടമസ്ഥന് തിരികെ ലഭിച്ചത്. മുൻനിര ഫാഷൻ ബ്രാൻഡായ ചരഗ് ദിനിന്റെ ഉടമയായ രാജു ദസ്വാനിക്കാണ് സ്വർണം തിരികെ ലഭിച്ചത്. കോടതി ഉത്തരവിനെ തുടർന്നാണ് ഇയാൾക്ക് സ്വർണം തിരികെ കിട്ടിയത്. ചരഗ് ദിന് സ്ഥാപകൻ അർജൻ ദസ്വാനിയുടെ മകനാണ് രാജു ദസ്വാനി.

1998 മെയ് 8 ന് കൊളാബയിലെ അർജൻ ദസ്വാനിയുടെ വീട്ടിൽ നിന്ന് കത്തിയുമായി എത്തിയ ഒരു സംഘം സ്വർണം മോഷ്ടിച്ചു. സംഘം സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിക്കുകയും സേഫിന്റെ താക്കോൽ ബലമായി എടുത്ത് സാധനങ്ങൾ കൊളളയടിക്കുകയുമായിരുന്നു. ദസ്വാനിയെയും ഭാര്യയെയും കെട്ടിയിട്ടായിരുന്നു കവർച്ച. കേസിൽ മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുകയും തൊണ്ടിമുതൽ കണ്ടെടുക്കുകയും ചെയ്തു. 

എന്നാൽ വിചാരണയ്‌ക്ക് ശേഷം 1999 ൽ മൂന്ന് പ്രതികളെയും വെറുതെവിട്ടു. ഇവരുടെ പക്കൽ നിന്നും കണ്ടെടുത്ത സ്വർണം അർജന് നൽകിയുമില്ല. 2007ലാണ് അർജൻ ദസ്വാനി മരിച്ചത്. പിന്നീട് ഇയാളുടെ മകൻ കേസുമായി മുന്നോട്ട് പോകുകയായിരുന്നു. ഒടുവിൽ 22 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ കോടതി വിധി പറഞ്ഞത്.

വിക്ടോറിയ രാജ്ഞിയുടെ ചിത്രമടങ്ങിയ സ്വർണനാണയം, 100 ഗ്രാമും, 200 മില്ലിഗ്രാമും ഭാരമുള്ള രണ്ട് സ്വർണ വളകൾ എന്നിവ രാജു ദസ്വാനിക്ക് കൈമാറാൻ ജനുവരി 5ന് സെഷൻസ് കോടതി ജഡ്ജി യുജെ മോർ ഉത്തരവിടുകയായിരുന്നു. 22 വർഷം മുൻപ് 13 ലക്ഷം രൂപ വിലയുണ്ടായിരുന്ന വസ്തുക്കൾക്ക് ഇപ്പോൾ എട്ട് കോടിയിലധികം വിലയുണ്ട്. സ്വത്ത് തന്റെ കുടുംബത്തിന്റേതാണെന്ന് സ്ഥിരീകരിക്കുന്ന ബില്ലുകളും രസീതുകളും രാജു ദസ്വാനി കോടതിയിൽ സമർപ്പിച്ചിരുന്നു.

You might also like

Most Viewed