നിയമസഭാ കൈയാങ്കളി കേസിൽ സുപ്രീംകോടതി വിധി അംഗീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസിൽ സുപ്രീംകോടതി വിധി അംഗീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോടതി വിധിക്ക് അനുസരിച്ചുള്ള സമീപനം സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. പി.ടി. തോമസ് എംഎൽഎ നൽകിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കേസ് പിൻവലിക്കാനുള്ള അവകാശം ഉണ്ടോ ഇല്ലയോ എന്നാണ് വിഷയമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോൾ സുപ്രീംകോടതി തള്ളിയത് കേസ് പിൻവലിക്കണമെന്ന ഹർജിയിലെ അപ്പീൽ ആണ്. സർക്കാർ നടപടി നിയമവിരുദ്ധമല്ല. സർക്കാരിന്‍റെ ഭാഗത്ത് വീഴ്ചയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സഭ നിർത്തിവച്ച് ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
കൈയാങ്കളി കേസിൽ വിദ്യാഭ്യാസമന്ത്രി ഉൾപ്പെടെ വിചാരണ നേരിടണമെന്ന വിധി ഗുരുതരമാണെന്നും അടിയന്തപ്രമേയ നോട്ടീസിൽ പി.ടി. തോമസ് വ്യക്തമാക്കി. കൈയാങ്കളി കേസിലെ പ്രതിസ്ഥാനത്തുള്ള വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി രാജിവയ്ക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. കൈയാങ്കളി കേസിൽ വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇത് ശിവൻകുട്ടിക്കെതിരായ വിഷയമല്ല. പൊതുവിഷയമാണ്. പ്രക്ഷുബ്ധ രാഷ്ട്രീയസാഹചര്യത്തിലെ കേസുകൾ സാഹചര്യം മാറുന്പോൾ പിൻവലിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭ കൈയാങ്കളി കേസ് പിൻവലിക്കണമെന്ന സർക്കാരിന്‍റെ അപേക്ഷ ബുധനാഴ്ച സുപ്രീംകോടതി തള്ളിയിരുന്നു. കേസിൽ പ്രതിസ്ഥാനത്തുള്ള എല്ലാവരും വിചാരണ നേരിടണമെന്നും കോടതി വിധിച്ചിരുന്നു. ശിവൻകുട്ടിക്ക് പുറമേ ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, സി.കെ. സഹദേവൻ, കെ. അജിത്, കെ. കുഞ്ഞഹമ്മദ് എന്നിവരാണ് കേസിലെ പ്രതികൾ.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed