സേവ് കുട്ടനാടിന് പിന്നിൽ ഗൂഢാലോചനയും രാഷ്ട്രീയ താത്പര്യവുമെന്ന് മന്ത്രി സജി ചെറിയാൻ


ആലപ്പുഴ: സേവ് കുട്ടനാടിന് പിന്നിൽ ഗൂഢാലോചനയും രാഷ്ട്രീയ താത്പര്യവുമെന്ന് മന്ത്രി സജി ചെറിയാൻ. ജനങ്ങളെ അനാവശ്യമായി ഭീതിപ്പെടുത്താനാണ് അവരുടെ ശ്രമം. 1500 കുടുംബങ്ങൾ ഇതിനോടകം തന്നെ കുട്ടനാട് ഉപേക്ഷിച്ചു. കുട്ടനാട്ടിൽ എപ്പോഴും വെള്ളം കയറാറുണ്ടെന്നും എന്നാൽ ഇപ്പോൾ മാത്രം ആശങ്ക സൃഷ്ടിക്കുകയാണെന്നുമാണ് മന്ത്രിയുടെ വിമർശനം.

ജനങ്ങൾക്ക് ആശങ്കയുണ്ടാക്കുന്ന പ്രചരണമാണ് ഇപ്പോൾ നടക്കുന്നത്. സേവ് കുട്ടനാട് എന്ന സംഘടന കുട്ടനാട്ടിലെ ജനങ്ങളെ ഭയപ്പെടുത്തുകയാണ്. കുട്ടനാട് വെള്ളം കയറി നശിക്കാൻ പോകുന്നു. എല്ലാവരും ഇപ്പോൾ തന്നെ നാട് വിടണം എന്ന് പറയുന്നതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുള്ളതായി സംശയിക്കുന്നു. കുട്ടനാട്ടിൽ എപ്പോഴും വെള്ളം കയറും. അത് സ്വാഭാവികമാണ്. ഭയപ്പെടേണ്ട ഒരു സാഹചര്യവും കുട്ടനാട്ടിൽ ഇല്ലെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ ഇപ്പോഴത്തെ പ്രതികരണം അദ്ദേഹത്തെ ആരോ തെറ്റിദ്ധരിപ്പിച്ചതായിരിക്കണമെന്ന് സേവ് കുട്ടനാട് ഫോറത്തിന്റെ അംഗം ബെന്നറ്റ് പറഞ്ഞു. ഞങ്ങൾക്ക് ഒരു രാഷ്ട്രീയ പാർട്ടിയുടേയും പിന്തുണ ആവശ്യമില്ല, ഒരു രാഷ്ട്രീയ പാർട്ടിക്കും എതിരല്ല, ഒരു രാഷ്ട്രീയ പാർട്ടിയുടേയും പിന്തുണയും ഞങ്ങൾക്കില്ല. ഞങ്ങൾ കുട്ടനാടിനെ പ്രതിനിധീകരിക്കുകയാണ്. കുട്ടനാടിന് വേണ്ടി വിവിധ പാക്കേജുകളും പദ്ധതികളും സർക്കാർ കൊണ്ടുവരുന്നുണ്ട്. അതെല്ലാം പേപ്പറിൽ മാത്രം ഒതുങ്ങി പോകുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. കുട്ടനാടിന്റെ പ്രശ്നങ്ങൾ സർക്കാരിന്റെ മുന്നിൽ കൊണ്ടുവരുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം− ബെന്നറ്റ് പറഞ്ഞു.    

You might also like

  • Lulu Exchange
  • 4PMNEWS
  • NEC
  • Manasu

Most Viewed