കോവിഡ് ചികിത്സയ്ക്കുള്ള ആദ്യഗുളികയ്ക്ക് ബ്രിട്ടന്റെ അംഗീകാരം


ലണ്ടൻ:  വാക്സിനു പിന്നാലെ കോവിഡ് ചികിത്സയ്ക്കുള്ള ആദ്യഗുളികയ്ക്ക് ബ്രിട്ടൻ അംഗീകാരം നൽകി. ലെഗെവ്രിയോ (മോൾനുപിരവിർ) എന്ന ആന്റിവൈറൽ ഗുളിക കോവിഡ് രോഗികൾ ദിവസവും രണ്ടുനേരമാണ് കഴിക്കേണ്ടത്. നേരിയതോ മിതമായതോ ആയ ലക്ഷണങ്ങളും ഒപ്പം ഗുരുതരമായ മറ്റേതെങ്കിലുമൊരു രോഗസാധ്യതയുമുള്ളവർക്ക് (അമിതവണ്ണം, പ്രമേഹം, ഹൃദ്രോഹം, 60 വയസ്സിനു മുകളിലുള്ളവർ) ബ്രിട്ടനിൽ ഉടൻ ഗുളിക നൽകിത്തുടങ്ങും. രോഗികളുടെ ആശുപത്രിവാസം ഒഴിവാക്കാനും മരണനിരക്ക് 50 ശതമാനമായി കുറയ്ക്കാനും മരുന്നു സഹായിക്കുമെന്ന് ബ്രിട്ടനിലെ മെഡിസിൻസ് ആൻഡ് ഹെൽത്ത്കെയർ പ്രൊഡക്റ്റ്സ് റെഗുലേറ്ററി (എം.എച്ച്.ആർ.എ.) അറിയിച്ചു. ബ്രിട്ടീഷ് ആരോഗ്യമേഖലയിലെ ചരിത്രദിനമാണിതെന്ന് മരുന്നിന് അനുമതി നൽകിയ വിവരം പ്രഖ്യാപിച്ച് ആരോഗ്യസെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു.

ഫ്ളൂ ചികിത്സയ്ക്കായി വികസിപ്പിച്ചതാണ് മോൾനുപിരവിർ. റിഡ്ജ്ബാക് ബയോതെറാപ്യൂട്ടിക്സും മെർക് ഷാർപ് ആൻഡ് ഡോമും (എം.എസ്.ഡി.) ചേർന്നുവികസിപ്പിച്ച ഗുളിക ശരീരത്തിൽ വൈറസ് പെരുകുന്നത് തടഞ്ഞ് രോഗതീവ്രത കുറയ്ക്കും. രോഗബാധയുടെ തുടക്കത്തിൽത്തന്നെ ഉപയോഗിക്കുന്നതാണ് ഏറെ ഫലപ്രദം. ലക്ഷണങ്ങൾ കണ്ട് അഞ്ചുദിവസത്തിനുള്ളിലെങ്കിലും മോൾനുപിരവിർ കഴിക്കാനാണ് നിർദേശം. അതേസമയം, വാക്സിനേഷന് പകരമായി ഉപയോഗിക്കാനാവുന്നതല്ല മരുന്നെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. 

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed