വീ­ണ്ടും ഒരു­ പി­ണറാ­യി­ വി­ജയം...


പ്രദീപ് പുറവങ്കര

അഴിമതി കറകൾ പുരളാത്ത രാഷ്ട്രീയ നേതാക്കൾ കുറഞ്ഞുവരുന്ന സമൂഹമാണ് ഇന്ന് ഇന്ത്യയിലുള്ളത്. അതുകൊണ്ട് തന്നെയാണ് ഓരോ തെര‍ഞ്ഞെടുപ്പ് കാലം വരുന്പോഴും സ്ഥാനാർത്ഥികളുടെ ആസ്തികണക്കിൽ വർദ്ധനവ് ഉണ്ടാകുന്നതും. കേവലം ശന്പളം വാങ്ങി പോയാൽ അങ്ങിനെയൊരു വർദ്ധനവ് ഉണ്ടാകില്ലെന്ന് ആർക്കും മനസിലാക്കാവുന്ന കാര്യവുമാണ്. രാഷ്ട്രീയത്തിൽ സജീവമായി നിലനിൽക്കുന്നവർക്ക് അഴിമതി ആരോപണങ്ങൾ അതുകൊണ്ട് തന്നെ ഒന്നും ഒപ്പമുണ്ടാകുന്നു. രാഷ്ട്രീയ എതിരാളികൾക്ക് ഇടയ്ക്കിടെ പരസ്പരം കൊന്പ് കോർക്കാൻ ഈ വിഷയങ്ങൾ ഉണ്ടാവുകയും വേണം. അങ്ങിനെ കേരളത്തിലെ ജനങ്ങളുടെ ഇടയിൽ ഏറെ ചർച്ചവിഷമായ അഴിമതി ആരോപണമാണ് മുഖ്യമന്ത്രി പിണറായി വിജയന് നേരെ ഉണ്ടായ ലാവ്ലിൻ വിവാദം. വർഷങ്ങളായി അദ്ദേഹത്തെ പിന്തുടരുന്ന ആ വലിയ കേസിൽ നിന്നാണ് കേരള ഹൈകോടതി ഇന്ന് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരിക്കുന്നത്. ഇടുക്കി ജില്ലയിലെ ചെങ്കുളം, പന്നിയാർ‍, പള്ളിവാസൽ എന്നീ വൈദ്യുത പദ്ധതികളുടെ അറ്റകുറ്റപണികൾക്കുള്ള കരാർ ലാവലിൻ‍ കന്പനിക്ക് നൽ‍കിയതിന് പൊതുഖജനാവിന് 374 കോടിയോളം രൂപയുടെ നഷ്ടം വരുത്തിവെച്ചു എന്ന് സി.എ.ജി കണ്ടെത്തിയ പ്രമാദമായ എസ്എൻ‍സി ലാവലിൻ കേസിൽ 2013 നവംബർ മാസം തിരുവനന്തപുരം സിബിഐ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിരുന്നു എന്നതും ഓർക്കാം. ഇതിനെതിരെ അന്ന് ഭരണം നടത്തിയിരുന്ന ഉമ്മൻ ചാണ്ടി സർക്കാർ അപ്പീൽ‍ പോകാൻ തീരുമാനിച്ചതോടെയാണ് ഇത് ഹൈകോടതിയിലേയ്ക്ക് വന്നത്. ഇപ്പോൾ ക്ലീൻ ചിറ്റ് നൽകി ഹൈക്കോടതി വിധി വരുന്പോഴും അതിനപ്പുറത്തേയ്ക്ക് പോകാനുള്ള സാധ്യതയും തള്ളികളായാൻ സാധിക്കില്ല. എങ്കിലും ഇന്നത്തെ വിധി പിണറായിക്കും അദ്ദേഹത്തിന്റെ പാർ‍ട്ടിക്കും നൽകുന്ന ആശ്വാസം ചില്ലറയൊന്നുമല്ല .

പിണറായിയെ കുറ്റവിമുക്തനാക്കിക്കൊണ്ട് ജസ്റ്റിസ് പി ഉബൈദ് നടത്തിയ വിധി പ്രസ്താവത്തിൽ‍ എടുത്തുപറയുന്ന പ്രധാന കാര്യം പിണറായിയെ സിബിഐ ബലിയാടാക്കുകയായിരുന്നു എന്നാണ്. ലാവ്ലിൻ‍ കരാർ കാലത്തു വൈദുതി മന്ത്രിമാരായിരുന്ന ജി കാർ‍ത്തികേയൻ അടക്കമുള്ളവരെ ഒഴിവാക്കി പിണറായിയെ മാത്രം തിരഞ്ഞുപിടിച്ചു വേട്ടയാടി എന്ന ഈ നിരീക്ഷണത്തെ അത്ര കുറച്ചുകാണേണ്ടതില്ല എന്ന് വേണം കരുതാൻ. ധാരാളം ഊമകത്തുകളും ഇതു സംബന്ധിച്ച് തനിക്ക് ലഭിച്ചുവെന്ന് ജഡ്ജി പറഞ്ഞതും,  102 പേജുകളുള്ള വിധി പൂർണമായും വായിക്കാനും ജഡ്ജി തീരുമാനിച്ചു എന്നതും ഏറെ ശ്രദ്ധേയമാണ്. വിധിക്ക് ശേഷം വരുന്ന അനാവശ്യ ചർച്ചകൾ ഒഴിവാക്കാൻ ഇത് സഹായകരമാകുമെന്നാണ് ജഡ്ജി പറഞ്ഞത്. ഈ കേസിൽ എത്ര കണ്ടു രാഷ്ട്രീയ താത്പര്യങ്ങൾ‍ ഉണ്ടായിരുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. 

എന്തായാലും ഇനി കുറച്ച് നാൾ പിണറായിക്ക് മനസ്സ് തുറന്നു ചിരിക്കാം. പക്ഷെ സ്വന്തം പാർട്ടിയിലെ ചിലർക്ക് അതിന് ഇനി സാധിക്കണമെന്നില്ല. വിധി പിണറായിക്ക് എതിരായിരുന്നുവെങ്കിൽ മുഖ്യമന്ത്രി കസേരയിലേയ്ക്ക് കയറി ഇരിക്കാൻ കുപ്പായം തുന്നിയവർക്കൊക്കെ നിരാശ തന്നെ ബാക്കി. തടസങ്ങളെല്ലാം വെട്ടിമാറ്റി തന്റേതായ ശൈലിയിൽ പാർ‍ട്ടിയുടെ വളർച്ചയ്ക്കൊപ്പം  പിണറായി പാർട്ടിയിൽ‍ ശക്തനായെങ്കിലും ആ വളർ‍ച്ചയുടെ തിളക്കം കുറച്ചിരുന്ന വിവാദമാണ് ലാവ്ലിൻ എന്ന് വിടാതെ പിന്തുടർന്ന ആക്ഷേപം. ഇങ്ങിനെയൊക്കെ ആണെങ്കിലും ലാവ്ലിൻ വിവാദം ഇവിടെ കെട്ടടങ്ങില്ല. ഈ കേസിൽ പ്രതിപ്പട്ടികയിലുള്ള മൂന്ന് മുൻ‍ കെഎസ്ഇബി ഉദ്യോഗസ്ഥരുടെ പങ്കു സംശയാസ്പദമാണെന്ന കോടതിയുടെ നിരീക്ഷണം വ്യക്തമാക്കുന്നത് ലാവ്ലിൻ‍ കേസ് ഒരു അടഞ്ഞ അധ്യായം അല്ലെന്നു തന്നെയാണ്. അതുകൊണ്ട് തന്നെ ഈ കനൽ എരിഞ്ഞു കൊണ്ടിരിക്കുമെന്നതും ഉറപ്പാണ്. 

അതേസമയം മന്ത്രി കെ.കെ ശൈലജയ്‌ക്കെതിരെയുള്ള ഹൈക്കോടതി പരാമർ‍ശം, പി.വി അൻവർ എംഎൽഎയുടെ വാട്ടർ തീം പാർ‍ക്കുമായി ബന്ധപ്പെട്ട ആരോപണം, തോമസ് ചാണ്ടിയുടെ റിസോർട്ടിലേയ്ക്കുള്ള അനിധികൃത റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള വിവാദം എന്നിവയൊക്കെ ചേർന്ന് പ്രതിസന്ധിയിലായിരിക്കുന്ന ഈ നേരത്ത് ഹൈക്കോടതിയുടെ വിധി പിണറായിക്കും സർക്കാരിനും ഏറെ ശക്തി പകരുമെന്നതിന് സംശയമില്ല.

You might also like

  • Straight Forward

Most Viewed