പ്രയാസങ്ങൾ തുറന്ന് പറയാം...


പ്രദീപ് പുറവങ്കര 

പ്രവാസലോകത്ത് വാരാന്ത്യങ്ങൾ‍ എന്നും സജീവമാണ്. ചെറുതും വലുതുമായ കൂട്ടായ്മകൾ‍ ഒത്തുകൂടുന്ന ദിനമാണിത്. ജീവിതത്തിന്റെ ഓട്ടപാച്ചിലിനിടയിൽ‍ ഒരു മെല്ലെപ്പോക്ക് ദിനം. ഇതിനിടെ തോന്ന്യാക്ഷരത്തിൽ‍ തന്നെ എഴുതിയത് പോലെ ഒരു സ്ലോ മൂവിങ്ങ് ഡേയാണ് ഈ വാരാന്ത്യങ്ങൾ‍. വാരാന്ത്യത്തിനൊപ്പം നല്ല കാലാവസ്ഥയും കൂടിയാകുന്പോൾ‍ അത് മനോഹരമായ ഒരു ദിനമായി തീരുന്നു. ഇത്തവണ ഇവിടെ ശൈത്യത്തോടൊപ്പം കുറേ നാൾ‍ മഴ പെയ്തു. ഇനി വേനൽ‍ കാലമാണ് വരാൻ‍ പോകുന്നത്, ഒപ്പം അവധിക്കാലവും. ഇത്തവണയും പതിവ് പോലെ വിമാനകന്പനികൾ‍ മുന്പേ പറക്കുന്ന പക്ഷികൾ‍ എന്ന കണക്കിൽ‍ ടിക്കറ്റ് നിരക്ക് കൂട്ടി തുടങ്ങിയിട്ടുണ്ട്. കുടുംബവുമായി നാട്ടിലേയ്ക്ക് പോകാനിരിക്കുന്നവരുടെ കണ്ണ് തള്ളുന്ന നിരക്കുകൾ‍ ആണ് പല വിമാനകന്പനികളും നൽ‍കുന്നത്. അതോടൊപ്പം ഗൾ‍ഫ് രാജ്യങ്ങളിൽ‍ സാന്പത്തിക പ്രതിസന്ധി രൂക്ഷമായി  തുടരുന്ന അവസ്ഥയാണ് നിലവിലുള്ളത്. അതിന്റെ പ്രത്യാഘാതങ്ങളും ഈ അവധികാലത്ത് പ്രതിഫലിക്കാനിരിക്കുകയാണ്. 

മാസങ്ങളുടെയും വർ‍ഷങ്ങളുടെയും ഇടവേളകളിൽ‍ നാട്ടിലേയ്ക്ക് പോകുന്നവരാണ് പ്രവാസികൾ‍. പോകുന്പോൾ‍ കൈയിൽ‍ ആവശ്യത്തിലധികം ലഗേജുമുണ്ടാകും. പ്രിയപ്പെട്ടവർ‍ക്ക് നൽ‍കാനുള്ള സമ്മാനപൊതികളുടെ വലിയ ഭാരമാണ് ഇതിൽ‍ ഉണ്ടാവുക. കടം വാങ്ങിയിട്ട് പോലും ഇങ്ങിനെ നാട്ടിലേയ്ക്ക് സമ്മാനം കൊണ്ടുപോകുന്നവരാണ് മിക്കവരും. തിരികെ വന്നാൽ‍ കടം വീട്ടാമെന്ന ചിന്തയിൽ‍ ആണ് ഇങ്ങിനെ ചെയ്തു പോകുന്നത്. എന്നാൽ‍ ഇത്തവണ അങ്ങിനെ പോയാൽ‍ കാര്യങ്ങൾ‍ അവതാളത്തിലാകുമെന്നാണ് പൊതുവെ മനസിലാക്കാൻ‍ സാധിക്കുന്നത്. മിക്കവരും ഇവിടെയുള്ള പ്രയാസങ്ങൾ‍ നാട്ടിൽ‍ അറിയിക്കാതെ ജീവിക്കുന്നവരാണ്. തങ്ങൾ‍ അൽ‍പ്പമൊന്ന് ബുദ്ധിമുട്ടിയാൽ‍ പോലും നാട്ടിലുള്ളവർ‍ അതൊന്നും അറിയേണ്ടതില്ലെന്ന ചിന്തയിൽ‍ എല്ലാ  വേദനയും തിന്നുന്നവരാണ് മഹാഭൂരിഭാഗം പേരും. 

ഈയൊരു ചിന്ത മാറേണ്ട കാലമാണിത്. പ്രയാസങ്ങളും കഷ്ടപ്പാടുകളും നാട്ടിലുള്ളവരെ അറിയിച്ചു തുടങ്ങണം. അത്തരം തുറന്ന ചർ‍ച്ചകളിൽ‍ ചിലപ്പോൾ‍ നാട്ടിൽ‍ തന്നെയുള്ള അവസരങ്ങളെ നമ്മൾ‍ തിരിച്ചറിഞ്ഞേക്കാം എന്ന ചിന്തയിലൂടെ...

You might also like

  • Straight Forward

Most Viewed